ഇറാനെതിരെ ഇന്ന് നടത്താനിരുന്ന ആക്രമണം വേണ്ടെന്നുവച്ചതിലൂടെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയൊരു യുദ്ധമാണ് മാറ്റിവച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. സൗദി അറേബ്യ ഉൾപ്പെടെയുള്ളവരുടെ അഭ്യർഥനയെ തുടർന്നാണ് ആക്രമണത്തിൽ നിന്ന് യുഎസ് പിന്മാറിയത്.
ഇറാനുമായി സമാധാന ചർച്ചകൾ ഇന്ന് പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചു. ആക്രമണം ‘ഉപേക്ഷിക്കുകയും’ ചർച്ച തുടങ്ങുമെന്നുമുള്ള ട്രംപിന്റെ വാക്കുകൾക്ക് പിന്നാലെ ക്രൂഡോയിൽ വില കൂപ്പുകുത്തി.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 4.80% ഇടിവുമായി 83.71 ഡോളറിലെത്തി. കഴിഞ്ഞവാരം വില 92 ഡോളറിന് മുകളിലായിരുന്നു.
യുഎസ് ക്രൂഡ് വില 5.21% ഇടിവുമായി 80.26 ഡോളറുമായിട്ടുണ്ട്. സൗദിയും റഷ്യയും ഉൾപ്പെടെയുള്ള എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് സെപ്റ്റംബർ മുതൽ പ്രതിദിന സംയോജിത ഉൽപാദനം 1.88 ലക്ഷം ബാരൽ വീതം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
ഇതും എണ്ണവില കുറയാൻ സഹായിക്കുന്ന നീക്കമാണ്. ഉപഭോഗത്തിന്റെ 90% ക്രൂഡോയിലിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഈ നീക്കവും വിലക്കുറവും വലിയ ആശ്വാസമാകും.
ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ സമ്മതിച്ചെന്ന് ഇതിനിടെ ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇറാൻ ഇതു തള്ളി.
അങ്ങനെയൊരു ഡീൽ ഇല്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് നടത്താനിരുന്ന ആക്രമണം ഉപേക്ഷിക്കണമെന്ന് ഇറാൻ അപേക്ഷിച്ചുവെന്ന ട്രംപിന്റെ വാദം ‘മറ്റൊരു പച്ചനുണ’യാണെന്നും ഇറാൻ വ്യക്തമാക്കി.
വെടിനിർത്തൽ നടപ്പാക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ഇറാൻ ഊർജിതമാക്കിയിട്ടുണ്ട്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, പാക്കിസ്ഥാൻ സംയുക്ത സേനാമേധാവി അസിം മുനീർ എന്നിവരുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഫോണിൽ സംസാരിച്ചുവെന്ന് ഇറാനിയൻ മാധ്യമങ്ങൾ വ്യക്തമാക്കി.
മറുവശത്ത് ഇസ്രയേലും ഇറാനെതിരെ പടയൊരുക്കം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണെന്നത് ആശങ്ക ഉയർത്തുന്നു. ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈൽ നിർമാണവും പുനരാരംഭിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെങ്കിൽ കനത്ത ആക്രമണം ഇസ്രയേൽ നടത്തുമെന്ന് ഇസ്രയേലി ഊർജ മന്ത്രി ഏലി കോഹെൻ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെങ്കിലും ഇന്ത്യൻ ഓഹരികൾ ഇന്ന് നേട്ടത്തിലേറുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. രാവിലെ ഗിഫ്റ്റ് നിഫ്റ്റി 100ലേറെ പോയിന്റ് ഉയർന്നു.
സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന സൂചന ഇതു നൽകുന്നു. ∙ റിസർവ് ബാങ്ക് ബുധനാഴ്ച പണനയം പ്രഖ്യാപിക്കും.
പലിശനിരക്കിൽ മാറ്റംവരുത്താൻ സാധ്യതയില്ല. എങ്കിലും പണലഭ്യത സജീവമായി നിലനിർത്താനും രൂപയുടെ മൂല്യത്തകർച്ചയും പണപ്പെരുപ്പ ഭീഷണിയും ചെറുക്കാനും റിസർവ് ബാങ്ക് എന്ത് നടപടിയെടുക്കും എന്നത് നിർണായകമാകും.
മാത്രമല്ല, ജിഡിപി വളർച്ചാഅനുമാനം വെട്ടിക്കുറച്ചാൽ ആഘാതവുമാകും. ∙ എസ്ബിഐ, ഹീറോ മോട്ടോകോർപ്, എൽഐസി, നൈക, ഗോദ്റെജ് പ്രോപ്പർട്ടീസ്, കല്യാൺ ജ്വല്ലേഴ്സ്, ഓറോബിന്ദോ ഫാർമ, അപ്പോളോ ടയേഴ്സ്, ഓയിൽ ഇന്ത്യ, പവർ ഫിനാൻസ് കോർപറേഷൻ തുടങ്ങിയവയുടെ ജൂൺപാദ പ്രവർത്തനഫലം ഈയാഴ്ച പുറത്തുവരുമെന്നതും നെഞ്ചിടിപ്പ് കൂട്ടും.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ കഴിഞ്ഞയാഴ്ച ഇന്ത്യൻ ഓഹരികൾ വാങ്ങുന്ന ട്രെൻഡിലേക്ക് ചുവടുമാറ്റിയത് നല്ല കാര്യമാണ്. 6000 കോടിയോളം രൂപ അവർ നിക്ഷേപിച്ചു.
ഇത് തുടർന്നാൽ വിപണിക്ക് അത് വലിയ ആശ്വാസമാകും. യുഎസിൽ ഇന്നലെ ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ്, എസ് ആൻഡ് പി500, നാസ്ഡാക് എന്നിവ 0.8% വരെ ഉയർന്നു.
യുഎസിന്റെ ജൂലൈയിലെ തൊഴിൽക്കണക്ക്, കോർപറേറ്റ് കമ്പനികളുടെ പ്രവർത്തനഫലം എന്നിവയിലേക്കാണ് നിക്ഷേപരുടെ ഉറ്റുനോട്ടം. കൊറിയൻ വിപണി വീണ്ടും കുരുതിക്കളമായി.
ചിപ്പ് അധിഷ്ഠിത ഓഹരികളിൽ വീണ്ടും വിറ്റൊഴിയൽ സമ്മർദം ആഞ്ഞടിച്ചതാണ് കാരണം. സാംസങ്ങും എസ്കെ ഹൈനിക്സും 9 ശതമാനം ഇടിഞ്ഞു.
വെള്ളിയാഴ്ചത്തെ കുതിപ്പ് മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയത് തിരിച്ചടിയായി. കൊറിയൻ ഓഹരി സൂചിക കോസ്പി 5% ഇടിഞ്ഞു.
ജാപ്പനീസ് നിക്കേയ് 1.43%, ഹോങ്കോങ് 0.14%, ഷാങ്ഹായ് 0.63% എന്നിങ്ങനെയും നഷ്ടത്തിലായി. 1986ന് ശേഷമുള്ള ഏറ്റവും വലിയ മൂല്യത്തകർച്ചയിലേക്ക് ഡോളറിനെതിരെ വീണ ജാപ്പനീസ് കറൻസിയായ യെന്നിനെ രക്ഷിക്കാൻ ജപ്പാനൊപ്പം യുഎസും കൈകോർത്തു.
വെള്ളിയാഴ്ച യെൻ 4-മാസത്തെ ഏറ്റവും മികച്ചനിലയായ 157.40ൽ എത്തി. യെൻ വലിയതോതിൽ തളരുന്നത് യുഎസിനും തിരിച്ചടിയാണ്.
കാരണം, ജാപ്പനീസ് കയറ്റുമതിക്കാർക്ക് ഡോളർ വരുമാനത്തിൽ വലിയ കുതിപ്പുണ്ടാകും. യെന്നിനെ രക്ഷിക്കുന്നതിനൊപ്പം കയറ്റുമതിയിൽ ‘സന്തുലിതാവസ്ഥ’ ഉറപ്പാക്കുകകൂടി ലക്ഷ്യമിട്ടാണ് അമേരിക്കയും കളത്തിലിറങ്ങിയത്.
ഡോളർ വിറ്റഴിച്ച് വൻതോതിൽ യെൻ വാങ്ങിക്കൂട്ടിയാണ് ബാങ്ക് ഓഫ് ജപ്പാന്റെ രക്ഷാപ്രവർത്തനം. രാജ്യാന്തര സ്വർണവില കാര്യമായ മാറ്റമില്ലാതെ നിൽപ്പാണ്.
എണ്ണവില ഇടിഞ്ഞതും യുഎസ് ഡോളർ ഇൻഡക്സ് 0.20% നഷ്ടവുമായി 99.71ൽ എത്തിയതും സ്വർണത്തിന് നേട്ടമാകേണ്ടതാണെങ്കിലും വലിയ വിലക്കുതിപ്പ് ഉണ്ടായില്ല. ഔൺസിന് 10 ഡോളർ മാത്രം വർധിച്ച് 4058 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്.
കേരളത്തിൽ വിലയിൽ വലിയ മാറ്റത്തിന് സാധ്യതയില്ല. അമേരിക്കയിലെ തൊഴിൽക്കണക്കാണ് സ്വർണത്തിന്റെയും ദിശ ഇനി പ്രധാനമായും നിശ്ചയിക്കുക.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

