തിരുവനന്തപുരം പാപ്പനംകോട്ട് വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ അഞ്ച് പ്രതികൾ പിടിയിലായി. നേമം വെള്ളായണി ശാന്തിവിള വാറു വിളാകത്ത് വീട്ടിൽ അഫ്സർ ( 30 ), നേമം ഇടയ്ക്കോട് ചാനൽക്കര ഷമീർ മൻസിലിൽ ഷമീർ ( 33 ), വെങ്ങാനൂർ കട്ടച്ചൽക്കുഴി മേലെ ഭാവനാലയത്തിൽ രാകേഷ് ( 35 ), കട്ടച്ചൽക്കുഴി മേലെ ചരുവിള പുത്തൻ വീട്ടിൽ അനന്തു (27 ), ചെങ്കൽ കാക്കനാട് വീട്ടിൽ വിനീത് ( 36 ) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 29 -ന് ഒന്നര മണിക്ക് പാപ്പനംകോട് തുല വിളയിലാണ് സംഭവം അരങ്ങേറിയത്. ഫോൺ ചാർജ് ചെയ്യാൻ എന്ന വ്യാജേന വീടിനകത്ത് പ്രവേശിച്ച ശേഷം സാഹചര്യം നിരീക്ഷിക്കുകയും, തുടർന്ന് പുറത്തുണ്ടായിരുന്ന മറ്റുള്ളവരെ വിളിച്ചുവരുത്തി പണം മോഷ്ടിക്കുകയും വീട്ടുടമയുടെ മാലയും ലോക്കറ്റും പൊട്ടിച്ചു കൊണ്ടുപോവുകയുമായിരുന്നു.
സംഭവത്തിൽ 4000 രൂപയും മാലയും ലോക്കറ്റും പിടിച്ചു പറിച്ചെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിച്ചു പറിച്ച ആഭരണങ്ങൾ ബാലരാമപുരത്തെ ഒരു ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു.
അറസ്റ്റിലായവരിൽ അഫ്സറും രാകേഷും സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

