സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ, ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 3-ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇതിനുപുറമെ, ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ബാധകമായിരിക്കും.
എന്നിരുന്നാലും, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയിലെ നാല് താലൂക്കുകളിലായി നിലവിൽ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടെ 199 കുടുംബങ്ങളിൽ നിന്നുള്ള 143 കുട്ടികളടക്കം ആകെ 702 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ക്യാമ്പുകളുടെ താലൂക്ക് തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ്: ചെങ്ങന്നൂർ (എട്ട് ക്യാമ്പുകൾ), അമ്പലപ്പുഴ (മൂന്ന് ക്യാമ്പുകൾ), കുട്ടനാട്, കാർത്തികപ്പള്ളി (ഓരോ ക്യാമ്പുകൾ വീതം). കനത്ത മഴയിൽ ജില്ലയിൽ മൂന്ന് വീടുകൾ പൂർണമായും, 12 വീടുകൾ ഭാഗികമായും തകർന്നു.
അമ്പലപ്പുഴയിൽ രണ്ട് വീടുകളും ചേർത്തലയിൽ ഒരു വീടുമാണ് പൂർണമായി തകർന്നവയിൽ ഉൾപ്പെടുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ചെങ്ങന്നൂർ കേന്ദ്രീകരിച്ച് 13 അംഗ എൻഡിആർ.എഫ് സംഘത്തെയും, കൂടാതെ അധികമായി 30 അംഗ ഫയർ ആൻഡ് റെസ്ക്യൂ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.
ജില്ലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എക്സൈസ് സഹകരണ മന്ത്രി എം ലിജുവിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. നിലവിലെ സംവിധാനങ്ങൾ തൃപ്തികരമാണെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും യോഗം വിലയിരുത്തി.
നീരൊഴുക്ക് സുഗമമാക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളിൽ 39 എണ്ണവും തുറന്നിട്ടുണ്ട്. കൂടാതെ തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകളും, അന്ധകാരനഴിയിലെ 20 ഷട്ടറുകളിൽ നാലെണ്ണവും തുറന്നിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കാർത്തികപ്പള്ളിയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഭാഗങ്ങളിൽ ഇന്നലെ രൂക്ഷമായിരുന്ന കടൽക്ഷോഭം നിലവിൽ ശാന്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

