സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും റിപ്പോർട്ട് ചെയ്തു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലും ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലുമാണ് കനത്ത മഴയെത്തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്.
മൂന്നാർ മേഖലയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നിടങ്ങളിലാണ് മണ്ണും വലിയ പാറകളും ഇടിഞ്ഞുവീണത്. ഹെഡ് വർക്സ് ഡാമിനും പള്ളിവാസലിനുമിടയിലാണ് പ്രധാനമായും മണ്ണിടിച്ചിലുണ്ടായത്.
ഹെഡ് വർക്സ് ഡാമിനു താഴെയുള്ള വളവിൽ മലയുടെ ഒരു ഭാഗവും കൂറ്റൻ പാറകളും റോഡിലേക്ക് പതിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയും രാവിലെ 10നുമായി രണ്ട് തവണയാണ് ഇവിടെ മലയിടിഞ്ഞത്.
ഭാഗ്യവശത്ത് ഈ സമയത്ത് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. ദേശീയപാത അധികൃതർ ഉടൻ തന്നെ ഇടപെട്ട് ഗതാഗതം സുഗമമാക്കാൻ മണ്ണും പാറയും ഒരു വശത്തേക്ക് മാറ്റി.
സിഎസ്ഐ പള്ളിക്ക് സമീപം മലയിടിഞ്ഞ ഭാഗത്ത് ജലപ്രവാഹം ശക്തമായി തുടരുകയാണ്. വിള്ളലുണ്ടായ പ്രദേശങ്ങളിൽ നിന്ന് മണ്ണ് താഴേക്ക് തള്ളിവരുന്ന അവസ്ഥയാണുള്ളത്.
വെള്ളിയാഴ്ച വൈകിട്ടാരംഭിച്ച മഴ തുടരുന്നതിനാൽ മൂന്നാർ ടൗണിലടക്കം ദുരിതാശ്വാസ ക്യാംപുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് തഹസിൽദാർ എൽ.എസ്.സന്തോഷ് കുമാർ വ്യക്തമാക്കി. ഇതിനുപുറമേ, തൊടുപുഴ താലൂക്കിലെ വിവിധ പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.
കരിങ്കുന്നം പഞ്ചായത്തിലെ ഇടയാടിക്കു സമീപം ഉരുൾപൊട്ടലുണ്ടായി കൃഷിസ്ഥടങ്ങൾക്ക് നാശം സംഭവിച്ചു. കരിങ്കുന്നം – ഇടയാടി – മറ്റത്തിപ്പാറ റോഡിലേക്ക് മണ്ണും കല്ലും വീണതിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും നിലച്ചു.
മണ്ണൊലിപ്പുണ്ടായതിന്റെ 100 മീറ്റർ ചുറ്റളവിൽ ജനവാസ മേഖലയുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്നും വാർഡംഗം അറിയിച്ചു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഭാഗമായ തൊടുപുഴ – പാലാ റോഡിലും പലയിടത്തും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നെല്ലാപ്പാറ ആനപ്പാറ വളവിനു സമീപം ഏകദേശം 20 അടിയോളം ഉയരത്തിൽ നിന്ന് മണ്ണും മരങ്ങളും സഹിതം കൂറ്റൻ പാറക്കല്ല് റോഡരികിലേക്ക് ഇടിഞ്ഞിറങ്ങി. ഇതിന്റെ മറുവശത്ത് റോഡിന് താഴെയായി ജനവാസമുള്ള വീടുണ്ട്.
കഴിഞ്ഞ വർഷവും ഇതേ പ്രദേശത്ത് സമാനമായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ടായിരുന്നു. കൂടാതെ, നെല്ലാപ്പാറയ്ക്കു സമീപം രാമപുരം പഞ്ചായത്തിൽ ഉൾപ്പെടുന്ന ചൂരപ്പട്ട
വളവിലും റോഡിലേക്ക് വൻതോതിൽ മണ്ണുവീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഇവിടെ മണ്ണുനീക്കം ചെയ്ത് ഇന്നലെ ഉച്ചയോടെയാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.
പുറപ്പുഴ പഞ്ചായത്തിലെ കുണിഞ്ഞി – വെള്ളംനീക്കിപ്പാറ റോഡിലും മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

