ഇൻഷുറൻസിനെ കേവലം ഒരു ചെലവായി കാണാതെ, കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തെ അപ്രതീക്ഷിത പ്രതിസന്ധികളിൽ നിന്നു സംരക്ഷിക്കുന്ന സുപ്രധാന സാമ്പത്തിക ഉത്തരവാദിത്തമായി കണക്കാക്കണമെന്ന് ന്യൂ ഇന്ത്യ അഷ്വറൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ലാവണ്യ മുണ്ടയൂർ വ്യക്തമാക്കി. കോഴിക്കോട് പൊറ്റമ്മലിലെ ‘സംഗീതം’ വീട്ടിൽ സംഗീതജ്ഞൻ എ.ഡി.രാമനാഥന്റെയും എഴുത്തുകാരി രാധാ മാധവന്റെയും മകളായ ലാവണ്യ മുണ്ടയൂർ, 2024 മുതൽ അഗ്രികൾചർ ഇൻഷുറൻസ് കമ്പനിയുടെ സിഎംഡി ആയിരുന്നു.
അഗ്രികൾചർ ഇൻഷുറൻസ് കമ്പനിയുടെ സിഎംഡി സ്ഥാനത്തു നിന്നാണു പുതിയ പദവിയിലേക്ക് അവർ എത്തുന്നത്. കോഴിക്കോട് ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് ലിമിറ്റഡിന്റെ എംഡിയായിരുന്ന എ.ഡി.മാധവനാണ് പിതാവ്.
കൂടാതെ, കോഴിക്കോട്ടെ കഥകളി–സംഗീത ആസ്വാദകസംഘടനയായിരുന്ന നവരസം ട്രസ്റ്റിന്റെ സ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതു വലിയ കമ്പനികൾ മാത്രമല്ല.
മത്സ്യത്തൊഴിലാളികൾ, കർഷകർ, ഓട്ടോ ഡ്രൈവർമാർ, ഗാർഹികത്തൊഴിലാളികൾ, ചെറുകിടവ്യാപാരികൾ, സ്വയംതൊഴിൽ ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾ– ഇവരാണു നമ്മുടെ രാജ്യത്തിന്റെ യഥാർഥ ശക്തിയെന്ന് അവർ ഓർമ്മിപ്പിച്ചു. 1991ൽ ഇൻഷുറൻസ് കമ്പനിയിൽ ഓഫിസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലാവണ്യ, മൂന്നര പതിറ്റാണ്ടിനു ശേഷമാണ് ഇപ്പോൾ അതിന്റെ തലപ്പത്തെത്തുന്നത്.
ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ നിന്നു വിരമിച്ച രഞ്ജിത്താണു ഭർത്താവ്. മക്കൾ: ഡോ.രാധിക (ന്യൂറോ സർജറി, മദ്രാസ് മെഡിക്കൽ കോളജ്), നീലിമ (പിഎച്ച്ഡി സ്കോട്ലാൻഡ്).
108 വർഷത്തെ പാരമ്പര്യമുള്ള, രാജ്യത്തെ ഏറ്റവും വലിയ ജനറൽ ഇൻഷുറൻസ് സ്ഥാപനത്തിന്റെ ആദ്യ മലയാളി വനിതാ സിഎംഡി സംസാരിക്കുന്നു. ചോദ്യം: യൂറോപ്യൻ രാജ്യങ്ങളിൽ ഇൻഷുറൻസ് സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്.
ഇന്ത്യയിൽ ആ രീതിയിൽ ഇൻഷുറൻസ് സാധാരണക്കാരിലേക്കെത്തിയിട്ടുണ്ടോ? ഈ മേഖലയിൽ ഇനിയും എന്തൊക്കെ ചെയ്യേണ്ടതുണ്ട്? ഇന്ത്യയിലെ ഇൻഷുറൻസ് മേഖല കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ വളരെ വലിയ വളർച്ചയാണു കൈവരിച്ചിരിക്കുന്നത്. ഇന്ന് ഇന്ത്യ ലോകത്തിലെ പ്രധാന ഇൻഷുറൻസ് വിപണികളിലൊന്നാണ്.
എന്നിരുന്നാലും, ഒരു കാര്യം ആത്മാർഥമായി പറയട്ടെ. ഇൻഷുറൻസ് ഇപ്പോഴും പല കുടുംബങ്ങൾക്കും സാമ്പത്തികശീലമായി മാറിയിട്ടില്ല.
പലരും അതിനെ ഒരു ചെലവായി കാണുന്നു. പക്ഷേ, എന്റെ അനുഭവത്തിൽ, ഇൻഷുറൻസ് ഒരു ചെലവല്ല; ജീവിതം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യത്തെ ഒരു അപ്രതീക്ഷിത സംഭവത്തിൽ നിന്നു സംരക്ഷിക്കുന്ന സാമ്പത്തിക ഉത്തരവാദിത്തമാണ്.
ഒരു രോഗമാകാം, അപകടമാകാം, തീപിടിത്തമോ വെള്ളപ്പൊക്കമോ ആകാം – ഇത്തരം സംഭവങ്ങൾ ഒരു കുടുംബത്തിന്റെ ജീവിതം തന്നെ മാറ്റിമറിക്കാം. അത്തരം സമയത്ത് സ്വർണം വിൽക്കുകയോ കടം വാങ്ങുകയോ ചെയ്യേണ്ട
സാഹചര്യം ഒഴിവാക്കാനാണ് ഇൻഷുറൻസ്. ഇനി മുന്നോട്ടു പോകുമ്പോൾ, കൂടുതൽ പോളിസികൾ വിൽക്കുക എന്നതിലുപരി കൂടുതൽ വിശ്വാസം നേടുക എന്നതാണു പ്രധാനലക്ഷ്യം.
പദ്ധതികൾ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കണം. ക്ലെയിം നടപടികൾ വേഗത്തിലും സുതാര്യമായും മാറണം.
സാങ്കേതികവിദ്യ ഉപയോഗിക്കണം, പക്ഷേ മനുഷ്യസ്പർശം നഷ്ടപ്പെടരുത്. ആളുകൾ വാങ്ങുന്നത് ഒരു പോളിസിയല്ല; ഒരു പ്രതിസന്ധി വന്നാൽ ആരോ കൂടെയുണ്ടാകും എന്ന വിശ്വാസമാണ്.
ആ വിശ്വാസം ഓരോ കുടുംബത്തിലേക്കും എത്തുമ്പോഴാണ് ഇൻഷുറൻസിന്റെ യഥാർഥ ലക്ഷ്യം പൂർത്തിയാകുന്നത്. ചോദ്യം: കോർപറേറ്റ് ജീവനക്കാർക്ക് ഇൻഷുറൻസ് എളുപ്പത്തിൽ ലഭിക്കുന്നു.
എന്നാൽ, അസംഘടിതമേഖലയിലെ തൊഴിലാളികളിലേക്കും ചെറുകിട സംരംഭകരിലേക്കും ഇൻഷുറൻസ് എത്രത്തോളം എത്തിയിട്ടുണ്ട്? ഇനി എന്താണു ചെയ്യേണ്ടത്? ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതു വലിയ കമ്പനികൾ മാത്രമല്ല.
മത്സ്യത്തൊഴിലാളികൾ, കർഷകർ, ഓട്ടോ ഡ്രൈവർമാർ, ഗാർഹികത്തൊഴിലാളികൾ, ചെറുകിടവ്യാപാരികൾ, സ്വയംതൊഴിൽ ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾ– ഇവരാണു നമ്മുടെ രാജ്യത്തിന്റെ യഥാർഥ ശക്തി. എന്നാൽ, ഏറ്റവും കൂടുതൽ സാമ്പത്തിക സുരക്ഷ ആവശ്യമുള്ള ഈ വിഭാഗമാണു പലപ്പോഴും ഇൻഷുറൻസിന്റെ പരിരക്ഷയ്ക്കു പുറത്താകുന്നത്.
എന്റെ അനുഭവത്തിൽ, പ്രശ്നം ആളുകൾക്ക് ഇൻഷുറൻസ് വേണ്ടെന്നതല്ല. അവരുടെ ജീവിതത്തിനും വരുമാനത്തിനും യോജിച്ച പദ്ധതികൾ വേണ്ടത്ര ലഭിക്കുന്നില്ല എന്നതാണ്.
സങ്കീർണമായ പോളിസികളും നിയമഭാഷയും സാധാരണക്കാർക്ക് ആത്മവിശ്വാസം നൽകില്ല. അവർക്കു വേണ്ടതു ലളിതമായ വിശദീകരണവും ന്യായമായ പ്രീമിയവും ആവശ്യമുള്ളപ്പോൾ ഉറപ്പായ സഹായവുമാണ്.
ഇന്നു സാങ്കേതികവിദ്യ വലിയ അവസരങ്ങൾ തുറന്നിട്ടുണ്ട്. എന്നാൽ, ഡിജിറ്റൽ സേവനം മാത്രം മതിയാകില്ല.
പ്രാദേശികഭാഷയിൽ സംസാരിക്കുന്ന ആളും സമീപത്തുള്ള സേവനകേന്ദ്രവും ഇന്നും അത്രത്തോളം പ്രധാനമാണ്. പ്രത്യേകിച്ചു ഗ്രാമങ്ങളിലും ചെറുകിട
പട്ടണങ്ങളിലും. വിശ്വാസമാണ് ഏറ്റവും വലിയ നിക്ഷേപം.
എനിക്കു തോന്നുന്നത്, ഇൻഷുറൻസ് യഥാർഥത്തിൽ വിജയിക്കുന്നത് എല്ലാ വിഭാഗം ആളുകളിലേക്കും എത്തുമ്പോഴാണ്. ഒരു ദിവസക്കൂലിക്കാരനും ചെറുകിടവ്യാപാരിക്കും തന്റെ കുടുംബത്തിന്റെ ഭാവിയെ ആത്മവിശ്വാസത്തോടെ സംരക്ഷിക്കാനാകണം.
അതാണ് യഥാർഥ സാമ്പത്തിക ഉൾക്കൊള്ളൽ. ചോദ്യം: അഗ്രികൾചർ ഇൻഷുറൻസ് കമ്പനിയിൽ നിങ്ങളുടെ നേതൃത്വത്തിൽ മാർക്കറ്റ് ഷെയർ ഗണ്യമായി വർധിച്ചു.
ആ അനുഭവം പുതിയ പദവിയിൽ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്? മാർക്കറ്റ് ഷെയർ എന്നത് എനിക്ക് ശതമാനക്കണക്ക് മാത്രമല്ല. അത് ഒരു സ്ഥാപനത്തോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണ്.
ഉപഭോക്താക്കൾ ഒരു ഇൻഷുറൻസ് കമ്പനി തിരഞ്ഞെടുക്കുന്നത് എന്തു കിട്ടും എന്നു മാത്രം നോക്കിയല്ല. ഒരു നഷ്ടം സംഭവിച്ചാൽ ആ കമ്പനി എങ്ങനെ ഒപ്പമുണ്ടാകും എന്ന വിശ്വാസമാണ് അവർ തേടുന്നത്.
അഗ്രികൾചർ ഇൻഷുറൻസ് കമ്പനിയിൽ പ്രവർത്തിച്ചപ്പോൾ ഞാൻ മനസ്സിലാക്കിയ ഒരു വലിയ പാഠം, വളർച്ച എന്നതു വേഗത്തിൽ ബിസിനസ് കൂട്ടുന്നതല്ല; ശരിയായ രീതിയിൽ വളരുന്നതാണ്. നല്ല അണ്ടർറൈറ്റിങ്, മികച്ച സേവനം, സമയബന്ധിതമായ ക്ലെയിം തീർപ്പാക്കൽ, ശക്തമായ വിതരണശൃംഖല–ഇവയെല്ലാം ഒരുമിച്ചു പ്രവർത്തിക്കുമ്പോഴാണു സ്ഥിരതയുള്ള വളർച്ച ഉണ്ടാകുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ജനറൽ ഇൻഷുറൻസ് സ്ഥാപനമാണ് നമ്മുടേത്. അതിനാൽ ഉത്തരവാദിത്തവും വലുതാണ്.
പുതിയ ഉപഭോക്താക്കളെ നേടുന്നതിനു തുല്യമായി നിലവിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതും പ്രധാനമാണ്. റീട്ടെയിൽ മേഖലയിലും ചെറുകിട
സംരംഭകരിലുമാണ് ഇന്ത്യയുടെ അടുത്ത വളർച്ചയെന്നു ഞാൻ വിശ്വസിക്കുന്നു. അവർക്കു സങ്കീർണമായ ഉൽപന്നങ്ങളല്ല വേണ്ടത്; വ്യക്തതയും വേഗത്തിലുള്ള സേവനവും വിശ്വാസവുമാണ്.
ആത്യന്തികമായി, വിപണിവിഹിതം പരസ്യം കൊണ്ടു നേടാനാകില്ല. നല്ല അനുഭവത്തിലൂടെ മാത്രമേ നേടാനാകൂ.
സംതൃപ്തനായ ഉപഭോക്താവാണ് ഒരു സ്ഥാപനത്തിന്റെ ഏറ്റവും വിശ്വസ്തനായ ബ്രാൻഡ് അംബാസഡർ. അതാണു ദീർഘകാല വളർച്ചയുടെ യഥാർഥ അടിത്തറ.
ചോദ്യം: ഇൻഷുറൻസ് പരിരക്ഷയുള്ള രോഗികളിൽ നിന്ന് ആശുപത്രികൾ അനാവശ്യ ചികിത്സാ ചെലവുകൾ ഈടാക്കുന്നുവെന്ന ആശങ്ക ഉയരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ നിയന്ത്രിക്കാം? ഈ വിഷയത്തെ ഞാൻ വളരെ സന്തുലിതമായി കാണാനാണ് ആഗ്രഹിക്കുന്നത്.
നമ്മുടെ രാജ്യത്തെ ഭൂരിഭാഗം ആശുപത്രികളും ഡോക്ടർമാരും ആത്മാർഥമായി സേവനം ചെയ്യുന്നവരാണ്. അതേസമയം, ചില ഒറ്റപ്പെട്ട
സംഭവങ്ങൾ മുഴുവൻ സംവിധാനത്തെയും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കു നയിക്കുന്നുവെന്നതും സത്യമാണ്. എന്റെ അഭിപ്രായത്തിൽ പരിഹാരം കൂടുതൽ നിയന്ത്രണങ്ങളല്ല, കൂടുതൽ സുതാര്യതയാണ്.
ചികിത്സയുടെ ഓരോ ഘട്ടവും ബില്ലിങ്ങും ക്ലെയിം നടപടികളും വ്യക്തമായിരിക്കണം. ആശുപത്രിക്കും ഇൻഷുറൻസ് കമ്പനിക്കും രോഗിക്കും ഒരുപോലെ മനസ്സിലാകുന്ന സംവിധാനം ഉണ്ടാകണം.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഡേറ്റ വിശകലനം, സ്റ്റാൻഡേഡ് ചികിത്സാ മാർഗരേഖകൾ എന്നിവ ഇതിനായി വലിയ സഹായമാകും. അതോടൊപ്പം ഒരു കാര്യം നമ്മൾ മറക്കരുത്.
ആശുപത്രിയിൽ എത്തുന്ന ഒരാൾ പലപ്പോഴും ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സാഹചര്യത്തിലൂടെയായിരിക്കും കടന്നുപോകുന്നത്. ആ സമയത്ത് അദ്ദേഹത്തിന് ആശയക്കുഴപ്പമോ അനാവശ്യ കാലതാമസമോ ഉണ്ടാകരുത്.
തട്ടിപ്പു തടയേണ്ടത് അനിവാര്യമാണ്. പക്ഷേ, അതിന്റെ പേരിൽ യഥാർഥ രോഗികൾ ബുദ്ധിമുട്ടരുത്.
ഇൻഷുറൻസ് രംഗത്തു വിശ്വാസം നിലനിൽക്കണമെങ്കിൽ ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും പരസ്പരം എതിരാളികളല്ല, പങ്കാളികളാണെന്ന ബോധ്യത്തോടെ പ്രവർത്തിക്കണം. ഒടുവിൽ നമ്മുടെ ലക്ഷ്യം ഒന്നാണ്– രോഗിക്കു സമയബന്ധിതവും നീതിയുക്തവും മാന്യവുമായ സേവനം ലഭ്യമാക്കുക.
ചോദ്യം: ഉപഭോക്താക്കൾക്കു ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ കാലതാമസവും സങ്കീർണമായ നടപടിക്രമങ്ങളും പലപ്പോഴും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ക്ലെയിം നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുള്ളതുമാക്കാൻ എന്താണു ചെയ്യേണ്ടത്? എന്റെ കാഴ്ചപ്പാടിൽ ഇൻഷുറൻസിന്റെ യഥാർഥ പരീക്ഷണം പോളിസി എടുപ്പിക്കുന്ന സമയത്തല്ല, ക്ലെയിം തീർപ്പാക്കുന്ന സമയത്താണ്.
ഒരു ഉപഭോക്താവ് ക്ലെയിമുമായി എത്തുമ്പോൾ അദ്ദേഹം അപകടമോ രോഗമോ പ്രകൃതിക്ഷോഭമോ പോലുള്ള വലിയ പ്രതിസന്ധിയിലൂടെയായിരിക്കും കടന്നുപോകുന്നത്. അപ്പോൾ, ഇൻഷുറൻസ് കമ്പനി അദ്ദേഹത്തിന്റെ മാനസികഭാരം കുറയ്ക്കുകയാണു ചെയ്യേണ്ടത്, കൂട്ടുകയല്ല.
അതുകൊണ്ടാണ് ക്ലെയിം നടപടികൾ കൂടുതൽ ലളിതമാകണമെന്നു ഞാൻ വിശ്വസിക്കുന്നത്. ആവശ്യമില്ലാത്ത രേഖകൾ ഒഴിവാക്കണം.
ഓരോ ഘട്ടത്തിലും ഉപഭോക്താവിന്റെ ക്ലെയിം എവിടെയാണെന്നു വ്യക്തമായി അറിയാൻ കഴിയണം. ഇന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ചു ക്ലെയിമുകൾ വേഗത്തിലാക്കാനും, തട്ടിപ്പുകൾ കണ്ടെത്താനും വിവരങ്ങൾ സുതാര്യമായി പങ്കുവയ്ക്കാനും നമുക്കു സാധിക്കും.
പക്ഷേ, സാങ്കേതികവിദ്യ മനുഷ്യസേവനത്തിനു പകരമാകരുത്, അതിനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ഉപാധിയായിരിക്കണം. എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്, ക്ലെയിം തീർപ്പാക്കൽ ഒരു സാമ്പത്തിക ഇടപാട് മാത്രമല്ല എന്നതാണ്.
അത് വാഗ്ദാനം പാലിക്കുന്ന നിമിഷമാണ്. ആ നിമിഷത്തിൽ ഉപഭോക്താവിനു വേഗവും നീതിയും കരുതലും അനുഭവപ്പെടുന്നുവെങ്കിൽ, ആ വിശ്വാസം ഒരു ജീവിതകാലം മുഴുവൻ നിലനിൽക്കും.
അതാണ് ഒരു ഇൻഷുറൻസ് സ്ഥാപനത്തിന്റെ ഏറ്റവും വലിയ സമ്പത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

