കേരളത്തില്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടുക്കി കുടയൂര്‍മല, കോട്ടയം തീക്കോയി, പത്തനംതിട്ട
നെല്ലിക്കാപാറ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം തീക്കോയിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറുകയും വാഹനങ്ങള്‍ ഒലിച്ചുപോകുകയും ചെയ്തു.
ഈരാറ്റുപേട്ട, പാലാ എന്നീ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ഇടുക്കി കോലാഹലമേട്, ഏലപ്പാറ എന്നിവിടങ്ങളില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് രണ്ട് പേര് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്.
ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണെങ്കിലും ഉദ്യോഗസ്ഥര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സാഹചര്യം വിലയിരുത്തി കൊക്കയാര്‍ ചപ്പാത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.
മഴയുടെ തീവ്രത കണക്കിലെടുത്ത് ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ഗതാടനം തടസ്സപ്പെടുത്തി മണ്ണിടിച്ചിലുണ്ടായി.
വണ്ടിപ്പെരിയാറ്റില്‍ തോട് കരകവിഞ്ഞൊഴുകുന്നതിനാല്‍ കെ.കെ. റോഡ് വെള്ളത്തിനടിയിലായി.
മുതലപ്പൊഴിയില്‍ വള്ളംമറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അതിനിടയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

