നവജാത ശിശുക്കളെ വിൽപന നടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ഇടുക്കി ജില്ലയിലേക്കും വ്യാപിപ്പിച്ച് പൊലീസ്.
തീക്കോയിൽ പിടിയിലായ പ്രതി, തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഫെബ്രുവരി മാസം ജനിച്ച ഒരു കുഞ്ഞിനെ വിറ്റഴിച്ചതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ ഈരാറ്റുപേട്ട
കോടതി പരിഗണിക്കും. നവജാത ശിശുക്കളെ കച്ചവടം ചെയ്യുന്ന വലിയൊരു സംഘം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശിശുവിനെ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ അസം സ്വദേശിയായ ഗർഭിണിയെ തടവിലാക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചത്. കൊല്ലം അയലറ സ്വദേശിയായ യുവതി ഫെബ്രുവരിയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചുവെന്നും ഈ കുഞ്ഞിനെ കൈമാറി വിറ്റുവെന്നുമാണ് പ്രതികളിലൊരാളായ രാജ വെളിപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ ഈ കുഞ്ഞിനെ ആർക്കാണ് നൽകിയതെന്നോ കൊല്ലം സ്വദേശിനിയായ യുവതിയുടെ യഥാർത്ഥ വിവരങ്ങളോ ഇയാൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസ് ബന്ധപ്പെട്ട
ആശുപത്രി അധികൃതരിൽ നിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും അഡ്മിഷൻ രേഖകളും വിശദമായി പരിശോധിക്കേണ്ടതുണ്ട്.
കൂടാതെ, കൊല്ലം സ്വദേശിനിയായ യുവതി നൽകിയ വിലാസത്തിന്റെ ആധികാരികതയും പൊലീസ് അന്വേഷിച്ചു വരുന്നു. നിലവിൽ നാല് പേർക്കെതിരെയാണ് ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ പ്രകാരം തൊടുപുഴ പൊലീസ് കേസെടുത്തിട്ടുള്ളത്.
കോട്ടയത്തെ നിയമനടപടികൾ പൂർത്തിയായ ശേഷമായിരിക്കും പൊലീസ് രാജയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ സമർപ്പിക്കുക. പ്രതികൾ മുൻപ് കുറെക്കാലം വാഗമൺ പുള്ളിക്കാനം പ്രദേശത്താണ് താമസിച്ചിരുന്നത്.
ഇടുക്കി വഴി തമിഴ്നാട്ടിലേക്കും ഈ റാക്കറ്റിന്റെ വേരുകൾ പടർന്നിട്ടുണ്ടോ എന്ന കോണിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

