സംസ്ഥാനത്തെ വിപണിയിൽ, കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കാസർകോട് ജില്ലയിൽ കോഴിവിലയിൽ 36 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ജില്ലയിൽ ഇറച്ചിക്ക് 264 രൂപയും കോഴിക്ക് 144 രൂപയുമാണ് വിലയുള്ളത്.
അതേസമയം, നീലേശ്വരം മേഖലയിൽ കോഴിവില 150 രൂപയായി തുടരുന്നു. കഴിഞ്ഞമാസം 155 രൂപയും, ഏപ്രിൽ മാസം 130 രൂപയുമായിരുന്നു വില.
ജൂലൈ 9ന് ജില്ലയിൽ കോഴിക്ക് 180 രൂപയായിരുന്നു നിരക്ക്. മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, കഴിഞ്ഞ വർഷം ജൂലൈയിൽ 140 രൂപയും, ജൂണിൽ 120 രൂപയും, ഏപ്രിൽ മാസം 110 രൂപയുമായിരുന്നു വില നിലവാരം.
കർണാടക, തമിഴ്നാട് വിപണികളെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ കോഴിവില നിർണയിക്കുന്നത്. കഴിഞ്ഞ 3 മാസത്തിനിടെ 50 കിലോഗ്രാം വരുന്ന കോഴിത്തീറ്റയ്ക്ക് 400 രൂപ വർധിച്ചത് ഉൽപാദനച്ചെലവ് ഉയരുന്നതിനും ഉൽപാദനം കുറയുന്നതിനും കാരണമായതായി വ്യാപാരികൾ വ്യക്തമാക്കുന്നു.
ജില്ലയിലെ വിപണിയിലേക്ക് മത്തി, അയല, നത്തോലി തുടങ്ങിയ നാടൻ മീനുകളുടെ വരവ് ആരംഭിച്ചത് ഇറച്ചി വിപണിയിലെ വിലയിടിവിന് ഒരു കാരണമായെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, മത്സ്യവിപണിയിൽ വിലയിൽ വലിയ കുറവുകൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
നിലവിൽ ചെമ്മീൻ 230 രൂപയ്ക്കും, മത്തി 300 രൂപയ്ക്കും, അയല 250 രൂപയ്ക്കുമാണ് വിൽപന നടക്കുന്നത്. പച്ചക്കറി വിപണിയിൽ ഉള്ളി, ഉണക്ക ഇഞ്ചി, ചേന എന്നിവയുടെ വിലയിൽ വർധനവുണ്ടായിട്ടുണ്ട്.
24 രൂപയുണ്ടായിരുന്ന ഉള്ളിക്ക് 12 രൂപയാണ് വർധിച്ചത്. ഉള്ളി ഉൽപാദന മേഖലയായ മഹാരാഷ്ട്രയിലുണ്ടായ മഴക്കാലമാണ് ഉള്ളിവില ഉയരാൻ ഇടയാക്കിയത്.
ഉണക്ക ഇഞ്ചിക്ക് 80 രൂപ വർധിച്ച് 200 രൂപയിലെത്തി. ചേനയ്ക്ക് 20 രൂപ കൂടി 70 രൂപയായും, നേന്ത്രപ്പഴത്തിന് 10 രൂപ കൂടി 60 രൂപയായുമാണ് വില വർധിച്ചിട്ടുള്ളത്.
മറ്റു പല പച്ചക്കറികളുടെയും വിലയിൽ വലിയ മാറ്റമില്ലാതെ സ്ഥിരത തുടരുന്നുണ്ട്. അതേസമയം, തക്കാളി വിലയിൽ 10 രൂപയുടെ കുറവ് വന്നിട്ടുണ്ട്.
നിലവിൽ തക്കാളിക്ക് 20 രൂപയാണ് വിപണി വില. പയർ 60 രൂപ, കാരറ്റ് 70 രൂപ, കാബേജ് 50 രൂപ, ഉരുളക്കിഴങ്ങ് 30 രൂപ, പച്ചമുളക് 50.00 രൂപ, ബീൻസ് 50 രൂപ, കോവയ്ക്ക 50 രൂപ, വെണ്ടയ്ക്ക 50 രൂപ, മുരിങ്ങക്കായ 80 രൂപ, വെള്ളരി, കുമ്പളം, മത്തൻ എന്നിവയ്ക്ക് 30 രൂപ എന്നിങ്ങനെയാണ് മറ്റു പച്ചക്കറികളുടെ നിരക്കുകൾ.
വരാനിരിക്കുന്ന ഓണം വിപണിയിൽ പച്ചക്കറി വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

