തൃശൂർ വടക്കേകാട് നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറിയിൽ വൻ മോഷണശ്രമം നടന്നു. സ്ഥാപനത്തിന്റെ പിൻഭാഗത്തെ ചുമർ കുത്തിപ്പൊളിച്ചാണ് സംഘം അകത്തുകടക്കാൻ ശ്രമിച്ചത്.
എന്നാൽ ലോക്കർ മുറിയിൽ സ്ഥാപിച്ചിരുന്ന അലാം കൃത്യസമയത്ത് മുഴങ്ങിയതിനാൽ മോഷ്ടാക്കൾക്ക് ലക്ഷ്യം കാണാനാവാതെ പിൻവാങ്ങേണ്ടി വന്നു. സംഭവത്തിൽ ജ്വല്ലറിയിൽ നിന്ന് യാതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
നാലിലധികം ആളുകൾ അടങ്ങുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ പുലർച്ചെ മൂന്ന മണിയോടെയാണ് സംഭവം അരങ്ങേറിയത്.
ചുമർ തുരന്ന ദ്വാരത്തിലൂടെ ഒരാൾ അകത്തേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പ്രതികളുടെ മുഖവും ശരീരവും പൂർണ്ണമായും മറച്ച നിലയിലായിരുന്നു.
ലോക്കറിന് സമീപത്ത് എത്തിയ ഉടൻ തന്നെ ജ്വല്ലറി ഉടമ തലക്കോട്ടൂർ റോയിയുടെ മൊബൈൽ ഫോണിലേക്ക് അലാം ശബ്ദം എത്തുകയായിരുന്നു. ഇതിന് തൊട്ടുമുമ്പ് ജ്വല്ലറിയുടെ പരിസരത്ത് നിന്ന് അസ്വാഭാവിക ശബ്ദം കേൾക്കുന്നതായി സമീപവാസി ഉടമയെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു.
ഉടൻ തന്നെ ഉടമ മൊബൈൽ ആപ്പ് വഴി നിരീക്ഷണ ക്യാമറകൾ പരിശോധിക്കുന്നതിനിടെയാണ് അലാം മുഴങ്ങിയത്. വിവരം ലഭിച്ചയുടൻ വടക്കേകാട് പൊലീസും ഉടമയും സ്ഥലത്തെത്തിയെങ്കിലും അതിനു മുൻപ് തന്നെ സംഘം രക്ഷപ്പെട്ടിരുന്നു.
സംഘം ഉപേക്ഷിച്ചതെന്ന് കരുതുന്ന ഒരു വലിയ ഓക്സിജൻ സിലിണ്ടർ, വലിയ ചുറ്റിക, രണ്ട് കമ്പിപ്പാര എന്നിവ സമീപത്തെ പറമ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സമീപത്തെ വീടുകളിൽ നിന്നാണ് ഗ്യാസ് സിലിണ്ടർ മോഷണം പോയത്.
എൽപിജിയും ഓക്സിജനും ഉപയോഗിച്ച് ലോക്കർ ഗ്യാസ് കട്ടിങ് വഴി തുറക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് കരുതുന്നത്. പരിചയമില്ലാത്തവർ കൈകാര്യം ചെയ്താൽ പൊട്ടിത്തെറിക്കാൻ പോലും സാധ്യതയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതിനാൽ പ്രൊഫഷണൽ സംഘമാണ് ഇതിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
സംഭവസ്ഥലത്ത് ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. കെട്ടിടത്തിൽ ജ്വല്ലറി മാത്രമാണ് പ്രവർത്തിക്കുന്നത്.
ഇതിന്റെ പിൻഭാഗം കാടുപിടിച്ചുകിടക്കുന്ന നിലയിലാണ്. പുറത്തു സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ പ്രതികളുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടില്ല.
കൂടാതെ, വടക്കേകാട് ശ്മശാന നിർമാണം നടക്കുന്ന സ്ഥലത്തുനിന്നും മുപ്പത് മീറ്ററോളം നീളമുള്ള എക്സ്റ്റൻഷൻ കേബിളും മോഷണം പോയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

