തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സംശയത്തിന്റെ പേരിൽ അഞ്ചുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. കാഞ്ചീപുരം സ്വദേശിയായ സോമസുന്ദരം (28) ആണ് ഭാര്യ സോണിയയെ (28) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ സോമസുന്ദരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്.
ഹോംഗാർഡായ സോമസുന്ദരവും സോണിയയും തമ്മിലുള്ള വിവാഹം നടന്ന് ആറുമാസമേ ആകുന്നുള്ളൂ. എന്നാൽ, വിവാഹജീവിതത്തിന്റെ തുടക്കം മുതൽ ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നു.
സോണിയ ഗർഭിണിയായതോടെ കുടുംബകലഹം കൂടുതൽ വഷളായി. സോണിയയുടെ ഗർഭത്തിന് ഉത്തരവാദി താനല്ലെന്നും കുഞ്ഞ് തന്റേതല്ലെന്നുമായിരുന്നു സോമസുന്ദരത്തിന്റെ വിചിത്രവാദം.
ചൊവ്വാഴ്ച പുലർച്ചെയും ഇതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ഇതിനൊടുവിലാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തുന്നതിലേക്ക് കടന്നത്.
കൊലപാതകം നടന്ന് മണിക്കൂറുകൾ പിന്നിട്ടാണ് വിവരം പുറത്തുവന്നത്. രാവിലെ സോണിയയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് മാതാപിതാക്കൾ ഇവരുടെ വസതിയിലെത്തുകയായിരുന്നു.
വീടിനുള്ളിൽ പ്രവേശിച്ച ഇവർ കണ്ടത് സോണിയയുടെ നിർജീവമായ ശരീരമാണ്. ഉടൻതന്നെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ പൊലീസ് സംഘം മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകൾ നീണ്ട
പരിശോധനകൾക്കും അന്വേഷണത്തിനും ഒടുവിലാണ് പ്രതിയായ സോമസുന്ദരത്തെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ സോണിയയുടെ ഗർഭാവസ്ഥയിലുള്ള കുഞ്ഞ് തന്റേതല്ലെന്ന മൊഴിയാണ് സോമസുന്ദരം ആവർത്തിച്ചത്.
തനിക്ക് കുട്ടികളുണ്ടാകില്ലെന്നും ഇതുസംബന്ധിച്ച ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് ഇയാൾ പൊലീസിന് നൽകിയ വിശദീകരണം. അതിനാൽ ഭാര്യയുടെ ഗർഭത്തിന് ഉത്തരവാദി മറ്റാരോ ആണെന്ന് സംശയിക്കുന്നതായും പ്രതി പറഞ്ഞു.
സംഭവത്തിൽ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. വിശദമായ അന്വേഷണത്തിന് ശേഷം പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിനുള്ളിൽ നടന്ന മരണമായതിനാൽ ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

