കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്തിന് സമീപം ചുഴലി കൊളത്തൂർ പ്രദേശത്ത് പുലിയെ കണ്ടതായി പറയുന്ന സ്ഥലത്തിന് അടുത്തുള്ള കാടുകളിൽ നിന്ന് മൃഗങ്ങളുടെ എല്ലിൻകഷണങ്ങൾ കണ്ടെത്തി. പുലി പിടിച്ചുതിന്നതിനു ശേഷം കാട്ടിൽ ഉപേക്ഷിച്ച കാട്ടുപന്നികളുടെ എല്ലിൻകഷണങ്ങളാകാം ഇതെന്നാണ് പ്രാഥമിക നിഗമനം.
വനമേഖലയിൽ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
ഇതിന് നാല് ദിവസം മുൻപാണ് പരിശോധന നടന്നത്. ഇതിനോട് ചേർന്നുകിടക്കുന്ന കാട്ടുഭാഗത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പിൽ വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ചുഴലി വില്ലേജിലെ പടിഞ്ഞാറേമൂല, കുളത്തൂർ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പുലിയുടെ സാന്നിധ്യം ജനങ്ങളിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നാട്ടുകാരുടെ ആശങ്കകൾ അകറ്റുന്നതിനും വളർത്തുമൃഗങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനുമായി അടിയന്തരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന് സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി പൊതുജനങ്ങൾ തിങ്ങിപ്പാർക്കുന്നതും വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ നിത്യേന യാത്ര ചെയ്യുന്നതുമായ മേഖലകളിലാണ് പുലിയെ കണ്ടതായി നാട്ടുകാർ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
പ്രദേശവാസികളുടെ രാത്രികാല യാത്രകളും റബ്ബർ ടാപ്പിങ് ഉൾപ്പെടെയുള്ള ജോലികളും നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി വനംവകുപ്പ് കൂട് സ്ഥാപിക്കാൻ തയാറാകുന്നില്ലെന്നാണ് പ്രധാന ആരോപണം.
പുലിയെ കണ്ടതായി സാക്ഷ്യപ്പെടുത്തിയവരുടെ മൊഴികൾ മുഖവിലയ്ക്കെടുത്ത് ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം. പഞ്ചായത്ത് സജ്ജം വൊളന്റിയർമാരും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇതിനോടകം പ്രദേശത്ത് തിരച്ചിൽ നടത്തിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഭീതി അകറ്റാൻ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുക തന്നെ വേണം.
അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

