രൂക്ഷമായ കടക്കെണിയിലും കടുത്ത സാമ്പത്തിക ഞെരുക്കത്തിലും വലയുന്ന പാക്കിസ്ഥാനെ കൂടുതൽ ആശങ്കയിലാഴ്ത്തി ജനസംഖ്യയിലെ വൻ കുതിച്ചുചാട്ടം. ഈ സാഹചര്യം തുടരുകയാണെങ്കിൽ 2040ഓടെ രാജ്യത്തെ ആകെ ജനസംഖ്യ 40 കോടി കവിയുമെന്ന് പാക്കിസ്ഥാൻ ആരോഗ്യ സഹമന്ത്രി ഡോ.
മുഖ്താർ അഹമ്മദ് ബറാത് വ്യക്തമാക്കി. നിലവിൽ ഏകദേശം 26 കോടി ജനസംഖ്യയുമായി ലോകത്ത് അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാൻ നിലകൊള്ളുന്നത്.
ലോകത്തിൽ ഏറ്റവും ഉയർന്ന ജനനനിരക്ക് രേഖപ്പെടുത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് പാക്കിസ്ഥാൻ. രാജ്യത്ത് പ്രതിവർഷം ശരാശരി 60 ലക്ഷം കുട്ടികൾ ജനിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളും അപ്രതീക്ഷിത ഗർഭധാരണങ്ങളുമാണ് പാക്കിസ്ഥാനിൽ ജനസംഖ്യാവർധനവ് അതിരൂക്ഷമാക്കുന്ന പ്രധാന ഘടകങ്ങളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം, മികച്ച വിദ്യാഭ്യാസം, പ്രതിരോധ മരുന്നുകൾ എന്നിവ ഉറപ്പാക്കാൻ രക്ഷിതാക്കൾക്ക് കഴിയണം.
രാജ്യത്ത് സുരക്ഷിതമായ കുടുംബസൂത്രണം (ഫാമിലി പ്ലാനിങ്) നടപ്പിലാക്കേണ്ടത് പാക്കിസ്ഥാൻ സർക്കാർ നിലവിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും ഒരുവശത്ത് തളർത്തുമ്പോൾ, അതിനൊപ്പം ജനസംഖ്യയും കുത്തനെ ഉയരുന്നത് പാക്കിസ്ഥാൻ ഭരണകൂടത്തിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. കോണ്ടത്തിന്മേൽ ചുമത്തിയിരിക്കുന്ന 18% നികുതി അസഹനീയമാണെന്നും, നിലവിലെ പ്രതിസന്ധിഘട്ടത്തിൽ ഈ നികുതി നിരക്ക് കുറയ്ക്കാൻ അനുവദിക്കണമെന്നും പാക്കിസ്ഥാൻ അന്താരാഷ്ട്ര നാണയ നിധിയോട് (ഐഎംഎഫ്) അഭ്യർത്ഥിച്ചിരുന്നു.
നിലവിൽ ഐഎംഎഫിൽനിന്ന് ലഭിച്ച വായ്പാ സഹായത്തിന്റെ കരുത്തിലാണ് പാക്കിസ്ഥാൻ സർക്കാർ പിടിച്ചുനിൽക്കുന്നത്. അതിനാൽത്തന്നെ, ഏതെങ്കിലും ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ നികുതിയിൽ മാറ്റം വരുത്തണമെങ്കിൽ ഐഎംഎഫിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ആയിരുന്നു ഐഎംഎഫിന് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ, ഇക്കാര്യം പിന്നീട് പരിഗണിക്കാമെന്ന നിലപാടാണ് ഐഎംഎഫ് സ്വീകരിച്ചത്.
കോണ്ടത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നികുതി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്താൽ സർക്കാരിന് ഏകദേശം 60 കോടി പാക്കിസ്ഥാനി രൂപയുടെ വരെ നികുതിവരുമാന നഷ്ടം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ നികുതിവരുമാനം കുറയുന്ന യാതൊരുവിധ നടപടികൾക്കും നിലവിൽ ഐഎംഎഫ് അനുമതി നൽകുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

