സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഇ-പോസ് മെഷീൻ സംവിധാനത്തിലെ സാങ്കേതിക തടസ്സങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
വരാനിരിക്കുന്ന ഓണക്കാലത്ത് ഇ-പോസ് മെഷീനുകൾ യാതൊരുവിധ തടസ്സങ്ങളുമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കനത്ത ജാഗ്രത വേണമെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ 20-ന് നെറ്റ്വർക്ക് തകരാറിനെ തുടർന്ന് റേഷൻ വിതരണം സ്തംഭിക്കുകയും കടകൾ അടച്ചിടേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് ഭക്ഷ്യമന്ത്രി പ്രത്യേക യോഗം വിളിച്ചുചേർത്തത്.
ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (എൻഐസി), ഐ.ടി.
മിഷൻ, ഭക്ഷ്യവകുപ്പിലെ റേഷൻ, ഐടി സെൽ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. കണക്റ്റിവിറ്റി സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എല്ലാ സേവനദാതാക്കളുടെയും യോഗം ഉടൻ വിളിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിതരണ പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.
ആധാർ ബന്ധിത പൊതുവിതരണ ആപ്ലിക്കേഷൻ (എഇപിഡിഎസ്) സെർവറുകളും എൻഐസി സെർവറുകളും തമ്മിലുള്ള ആശയവിനിമയത്തിലുണ്ടായ അപ്രതീക്ഷിത തടസ്സമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. സംസ്ഥാന ഡാറ്റാ സെന്ററും പൂങ്കുളത്തെ ദേശീയ ഡാറ്റാസെന്ററും (എൻഐസി) തമ്മിലുള്ള കണക്റ്റിവിറ്റി തടസ്സപ്പെട്ടത് എഇപിഡിഎസ് ആപ്ലിക്കേഷൻ പ്രവർത്തനങ്ങളെയും ആധാർ പ്രാമാണീകരണ സേവനങ്ങളെയും ബാധിക്കുകയായിരുന്നു.
ഇടപാടുകളിലെ തടസ്സങ്ങൾക്ക് ശാശ്വത പരിഹാരമായി പുതിയ റൗട്ടറുകൾ വാങ്ങേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. നിലവിലുള്ള റൗട്ടറുകളുടെ പഴക്കം ഡാറ്റാ വിതരണത്തെ ബാധിക്കുന്നുണ്ട്.
എങ്കിലും, ഓണക്കാലത്ത് താൽക്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുതിയ റൗട്ടർ ഉടൻ വാങ്ങുമെന്നും എൻഐസി സയന്റിസ്റ്റ് ശിവപ്രകാശ് വസ്ട്രാഡ വ്യക്തമാക്കി. സർവറുകളും സ്റ്റോറേജ് ഉപകരണങ്ങളും തമ്മിൽ വേഗത്തിൽ ഡാറ്റ കൈമാറാൻ ഉപയോഗിക്കുന്ന സ്റ്റോറേജ് ഏരിയ നെറ്റ്വർക്കിൽ (എസ്എഎൻ) പൊതുവിതരണ വിവരങ്ങളുടെ ഡാറ്റാ പരിധി കവിഞ്ഞിട്ടുണ്ട്.
2018-ൽ സ്ഥാപിച്ചതാണ് നിലവിലുള്ള എസ്എഎൻ സംവിധാനം. പുതിയത് വാങ്ങുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാൻ കെൽട്രോണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സ്റ്റോറേജ് കവിഞ്ഞതുമായി ബന്ധപ്പെട്ട് നേരത്തെ കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന വിഷയം ഗൗരവമായി കാണുമെന്നും ഇത് അടിയന്തരമായി പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

