തായ്ലൻഡിൽ വിനോദയാത്രയ്ക്കെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികൾ പിടിയിൽ. പട്ടായയിലെ ഒരു വീട്ടിൽ ബന്ദികളാക്കപ്പെട്ടിരുന്ന യുവാക്കളെ തായ് പൊലീസ് ആണ് മോചിപ്പിച്ചത്.
കുറഞ്ഞ ചിലവിൽ ഒരാഴ്ചത്തെ ആകർഷകമായ ടൂർ പാക്കേജ് നൽകാം എന്ന് വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയാണ് സംഘം ഇവരെ കെണിയിലാക്കിയത്. ബാങ്കോക്കിൽ എത്തിയ ഉടൻ തന്നെ ഇവർ സംഘത്തിന്റെ പിടിയിലാകുകയായിരുന്നു.
തുടർന്ന് 24 ലക്ഷം തായ് ബാത്ത് (ഏകദേശം 70 ലക്ഷം രൂപ) മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു ക്രൂരമായ പീഡനങ്ങൾ അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഇവർ എല്ലാവരും ഇന്ത്യൻ പൗരന്മാർ തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. ബാങ്കോക്കിൽ വിമാനം ഇറങ്ങിയ ശേഷം ടാക്സിയിൽ പട്ടായയിലേക്ക് യാത്ര തിരി തിരിച്ച യുവാക്കൾ, അവിടെയുള്ള ഒരു റെസ്റ്റോറന്റിൽ വെച്ചാണ് പ്രതികളെ നേരിട്ട് കാണുന്നത്.
തുടർന്ന് പ്രതികൾ ഇവരെ ഒരു രഹസ്യ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബന്ദികളാക്കി മാറ്റുകയായിരുന്നു. കൈകാലുകളും വായും അമർത്തിക്കെട്ടിയ നിലയിലാണ് പൊലീസ് സ്ഥലത്ത് എത്തി യുവാക്കളെ കണ്ടെത്തിയത്.
ദിവസങ്ങളോളം അതിക്രൂരമായ മർദ്ദനത്തിനാണ് ഇവർ ഇരയാക്കപ്പെട്ടത്. തലകീഴായി കെട്ടിത്തൂക്കുകയും, ഭക്ഷണവും വെള്ളവും പൂർണ്ണമായി നിഷേധിക്കുകയും ചെയ്തു.
ഇതിനുപുറമെ, ബന്ധുക്കളെ വീഡിയോ കോളിൽ വിളിച്ച് പണം ആവശ്യപ്പെടാൻ പ്രതികൾ യുവാക്കളെ നിർബന്ധിക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് ബാങ്കോക്കിൽ നിന്നും തായ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെ പേരുകൾ പുറത്തുവന്നിട്ടുണ്ട്.
അവ്താർ സിങ്, ജഗ്ജിത് സിങ്, റാംബാലക് കുമാർ, സുഖ്ബീർ സിങ്, കുൽറ സിങ് എന്നിവരാണ് പിടിയിലായത്. എന്നാൽ ഈ കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച പാക് പൗരന്മാരായ മുഖ്യസൂത്രധാരന്മാർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പാകിസ്ഥാൻ പൗരനാണ് ഈ ക്രിമിനൽ സംഘത്തിന് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നത് എന്ന് പിടിയിലായവർ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. വിനോദസഞ്ചാരികളെ ആകർഷകമായ പാക്കേജുകൾ വാഗ്ദാനം ചെയ്ത് ആസൂത്രിതമായി തടവിലാക്കി വലിയ തുക തട്ടിയെടുക്കുന്ന പുതിയ രീതിയാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

