കോഴിക്കോട് നഗരത്തിൽ പുതിയതായി ഗതാഗതത്തിന് തുറന്നുകൊടുത്ത മലാപ്പറമ്പ് – മാനാഞ്ചിറ നാലുവരി റോഡിൽ സിഗ്നൽ സംവിധാനം കാര്യക്ഷമമല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. വിവിധ ജംക്ഷനുകളിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
ഇന്നലെ ക്രിസ്ത്യൻ കോളജിനു സമീപം റോഡിൽ കലുങ്ക് നിർമാണവുമായി ബന്ധപ്പെട്ട് വയനാട് റോഡ് ഭാഗത്തെ രണ്ടു വരി റോഡ് താൽക്കാലികമായി അടച്ചിരുന്നു. ഇത് നഗരത്തിലേക്കുള്ള വാഹനഗതാഗതത്തെ ഗുരുതരമായി ബാധിച്ചു.
ഇന്നലെ വൈകിട്ട് 3ന് ഇംഗ്ലിഷ് പള്ളി ജംക്ഷൻ മുതൽ ക്രിസ്ത്യൻ കോളജ് ജംക്ഷൻ വരെ പടിഞ്ഞാറു ഭാഗത്തുള്ള റോഡാണ് അടച്ചത്. രണ്ട് വരി റോഡ് അഞ്ച് മണിക്കൂറോളം പൂർണ്ണമായി അടച്ചിട്ടതോടെ നടക്കാവ് മുതൽ ക്രിസ്ത്യൻ കോളജ് വരെയുള്ള ഭാഗത്ത് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ക്രിസ്ത്യൻ കോളജ് ജംക്ഷനിൽ നിന്നു നടക്കാവ് ഭാഗത്തേക്ക് വാഹനങ്ങൾക്ക് മുന്നോട്ടു പോകാനാവാത്ത സ്ഥിതിയുണ്ടായി. ക്രിസ്ത്യൻ കോളജ് ജംക്ഷനിലെ സിഗ്നലിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ വെറും 13 സെക്കൻഡ് മാത്രമാണ് ലഭിക്കുന്നത്.
സിഗ്നലിന്റെ ഈ സമയദൈർഘ്യം വർധിപ്പിക്കാത്തത് പ്രതിസന്ധി ഇരട്ടയാക്കുന്നുണ്ട്. വയനാട് റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കേണ്ട
വാഹനങ്ങൾ ഓരോ 13 സെക്കൻഡ് കഴിയുമ്പോഴും 35 സെക്കൻഡ് വീതം കാത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സമയക്കുറവാണ് പ്രധാനമായും നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.
മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായി സ്തംഭിച്ചതിനെ തുടർന്ന് ഒടുവിൽ സിഗ്നൽ ഓഫ് ചെയ്തുകൊണ്ടാണ് വാഹനങ്ങൾ കടത്തിവിട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

