കോട്ടയം-കൊല്ലം മെമു 12 കോച്ചുകളുമായി സർവീസ് പുനരാരംഭിച്ചെങ്കിലും, മറ്റു മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. രാവിലെ 5.50ന് എറണാകുളത്ത് നിന്നു പുറപ്പെട്ട് കോട്ടയം വഴി ഒൻപതരയോടെ കൊല്ലത്ത് എത്തുന്ന മെമു ഉൾപ്പെടെയുള്ള സർവീസുകളിൽ കോച്ചുകൾ കുറയുന്നത് പതിവാണെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
വൈകിട്ട് 5.40ന് കോട്ടയത്ത് നിന്നു തിരിച്ച് രാത്രി 8.15ന് കൊല്ലത്ത് എത്തുന്ന മെമുവിലെ കോച്ചുകളുടെ എണ്ണം കുറഞ്ഞത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയിരുന്നു. അറ്റകുറ്റപ്പണികൾക്കായി മെമു കോച്ചുകൾ കൊണ്ടുപോയതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.
തുടർന്ന്, അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ശനിയാഴ്ച ട്രെയിൻ കൊല്ലം മെമു ഷെഡിൽ എത്തിക്കുകയും, തിങ്കളാഴ്ച മുതൽ 12 കോച്ചുകളുമായി സർവീസ് പുനരാരംഭിക്കുകയും ചെയ്തു. കോച്ചുകൾ വെട്ടിക്കുറച്ച് മെമു സർവീസുകൾ നടത്തുമ്പോൾ യാത്രക്കാർ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര റെയിൽവേ മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു.
തുടർന്ന് കേന്ദ്രമന്ത്രി ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് അടിയന്തര നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണികൾ വേഗത്തിലാക്കി ട്രെയിൻ കൊല്ലത്ത് എത്തിച്ചത്.
കൊല്ലത്ത് നിന്ന് 20ൽ അധികം മെമു സർവീസുകളാണ് നിലവിൽ നടത്തിവരുന്നത്. ഓരോ സർവീസും ആഴ്ചയിൽ ഒരു ദിവസം നിർത്തിവെച്ചാണ് പ്രതിവാര അറ്റകുറ്റപ്പണികൾ നടത്തുന്നത്.
എന്നാൽ, കൂടുതൽ അറ്റകുറ്റപ്പണികൾക്കായി ട്രെയിനുകൾ മാറ്റുമ്പോൾ മറ്റ് മെമു സർവീസുകളിലെ കോച്ചുകൾ എടുത്താണ് ട്രെയിനുകൾ ഓടിക്കുന്നത്. ഇത്തരത്തിലുള്ള സന്ദർഭങ്ങളിലാണ് കടുത്ത തിക്കും തിരക്കും കാരണം യാത്രക്കാരുടെ ദുരിതം വർദ്ധിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

