സ്മാർട്ട്ഫോൺ ലോകത്ത് വലിയ മാറ്റങ്ങൾക്ക് വഴിതുറന്ന് പുതിയ ബാറ്ററി സാങ്കേതികവിദ്യകൾ സജീവമാകുന്നു. കഴിഞ്ഞ ആഴ്ച പുതിയ ഗാലക്സി ഇസെഡ് ഫോൾഡബിൾ ഫോണുകൾ അവതരിപ്പിച്ച വേളയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് പുതിയ രൂപകൽപ്പനയല്ല, മറിച്ച് ബാറ്ററികളിൽ വരുത്തിയ സുപ്രധാന മാറ്റങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു.
പുതിയ ഫോണുകളിൽ സിലിക്കൺ-കാർബൺ ആനോഡ് ബാറ്ററികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം നിരവധി ബാറ്ററി ഡിസൈൻ നവീകരണങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇതോടെ മുൻവർഷങ്ങളിലെ മോഡലുകളെ അപേക്ഷിച്ച് മികച്ച ബാറ്ററി ലൈഫ് നൽകാൻ ഇവയ്ക്ക് സാധിക്കുന്നു. സിലിക്കൺ ബാറ്ററി സാങ്കേതികവിദ്യയിലേക്ക് സാങ്സങ് എന്ന് ചുവടുമാറുമെന്ന കാത്തിരിപ്പിലായിരുന്നു ഉപയോക്താക്കൾ.
അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഗാലക്സി എസ്27 അടക്കമുള്ള മറ്റ് ഫോണുകളിലേക്കും ഈ സാങ്കേതികവിദ്യ ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണുകളുടെ ബാറ്ററി രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സിലിക്കൺ-കാർബണിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പരമ്പരാഗത ലിഥിയം-അയൺ ബാറ്ററികളിൽ ഉപയോഗിക്കുന്ന ഗ്രാഫൈറ്റ് ആനോഡുകളേക്കാൾ പത്തിരട്ടി ഊർജ്ജം സംഭരിക്കാൻ സിലിക്കൺ ആനോഡുകൾക്ക് സാധിക്കും. ഫോണിന്റെ വണ്ണവും ഭാരവും വർദ്ധിപ്പിക്കാതെ തന്നെ ഉയർന്ന ഊർജ്ജ സാന്ദ്രതയുള്ള ബാറ്ററി നൽകാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
എന്നാൽ സിലിക്കൺ പൂർണ്ണമായും സുസ്ഥിരമായ ഒരു വസ്തുവല്ലെന്നതാണ് വെല്ലുവിളി. ഇത് 300% വരെ വികസിക്കുകയും പൊട്ടുകയും ചെയ്യാൻ സാധ്യതയുണ്ട്.
ഈ വികാസ സാധ്യത കുറയ്ക്കുന്നതിനായി കൂടുതൽ സുസ്ഥിരമായ കാർബണുമായി ഇത് സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്. സിലിക്കൺ-കാർബൺ ആനോഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന ബാറ്ററികൾക്ക് ഉയർന്ന ശേഷി ലഭ്യമാക്കാൻ സാധിക്കും.
പഴയ ഗ്രാഫൈറ്റ് ആനോഡ് ബാറ്ററികളെ അപേക്ഷിച്ച് 10 മുതൽ 40 ശതമാനം വരെ വർദ്ധനവാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഗൂഗിൾ പിക്സൽ 10 പ്രോ എക്സ്എൽ, സാംസങ് ഗാലക്സി എസ്26 അൾട്രാ തുടങ്ങിയ ഫോണുകളിൽ 5,000mAh ബാറ്ററികളാണുള്ളതെങ്കിൽ, സിലിക്കൺ-കാർബൺ സാങ്കേതികവിദ്യയുള്ള ഫോണുകൾ ഇതിനകം 7,000mAh കവിഞ്ഞിട്ടുണ്ട്.
ഓപ്പോ ഫൈൻഡ് എക്സ്9 അൾട്രായിൽ 7,050mAh ബാറ്ററിയും, വൺപ്ലസ് 15-ൽ 7,300mAh ബാറ്ററിയുമാണ് നൽകിയിട്ടുള്ളത്. ഫോണിന്റെ ഭാരമോ കട്ടിയോ വർദ്ധിപ്പിക്കാതെയാണ് ഈ വലിയ ബാറ്ററികൾ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അതേസമയം, സാംസങ് ഈ കാര്യത്തിൽ കുറച്ചുകൂടി കരുതൽ സ്വീകരിക്കുന്ന സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്. പുതിയ ഗാലക്സി ഇസെഡ് ഫോൾഡ് 8, ഇസെഡ് ഫോൾഡ് 8 അൾട്രാ എന്നിവയിൽ യഥാക്രമം 4,800mAh, 5,000mAh ബാറ്ററികളാണ് നൽകിയിരിക്കുന്നത്.
പുതിയ ഫോൾഡബിൾ ഫോണുകളിൽ ബാറ്ററി സാങ്കേതികവിദ്യയുടെ ഒരു ഭാഗം മാത്രമായി സാംസങ് മാറ്റം വരുത്തിയിട്ടില്ല. സിലിക്കൺ-കാർബൺ ആനോഡിന് പുറമെ മൊത്തത്തിലുള്ള സിസ്റ്റം പുനർരൂപകൽപ്പന ചെയ്യുകയും, പ്രകടനം മെച്ചപ്പെടുത്തുകയും, മെറ്റീരിയലിന്റെ ഈടുനിൽപ്പ് ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.
സാംസങിന്റെ കോർപോറേറ്റ് ഇവിയും കോർ കോംപൊണന്റ് ടെക്നോളജി ഡെപ്യൂട്ടി മേധാവിയുമായ ബി.ഡി. യാങ് ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്: “ഞങ്ങൾ ബാറ്ററിയിൽ ഉൾപ്പെടുന്ന എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്ന സിസ്റ്റംതല നവീകരണമാണ് നടത്തിയതെന്നും, ഇത് ഞങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കാൻ ഞങ്ങളെ അനുവദിച്ചുവെന്നും,” അദ്ദേഹം വ്യക്തമാക്കി.
സിലിക്കൺ-കാർബൺ സെല്ലുകളുടെ പ്രകടനവും ഈടുനിൽപ്പും സെല്ലിന്റെ ഘടന അനുസരിച്ച് വ്യത്യാസപ്പെടാമെന്നതിനാൽ അവ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്. ഫോൾഡബിൾ നിരയിൽ മാത്രം ഈ ബാറ്ററികൾ ഒതുക്കിനിർത്താൻ സാംസങ് തയ്യാറാകില്ലെന്നാണ് നിരീക്ഷണം.
സിലിക്കൺ-കാർബൺ ബാറ്ററികളുടെ സുരക്ഷയും ദീർഘായുസ്സും ഉറപ്പാക്കുന്നതിനായി നടത്തിയ ഗവേഷണങ്ങളുടെ ഫലം മറ്റ് ഫോണുകളിലും ഉടൻ ലഭ്യമാകും. അതുകൊണ്ടുതന്നെയാണ് അടുത്ത വർഷത്തെ സാംസങ് ഗാലക്സി എസ്27 സീരീസിനെക്കുറിച്ച് വലിയ പ്രതീക്ഷകൾ ഉയരുന്നത്.
ഭാരത്തിലോ കട്ടിയിലോ വിട്ടുവീഴ്ച ചെയ്യാതെ ഉയർന്ന ശേഷിയുള്ള ബാറ്ററികൾ ഈ മൂന്ന് ഫോണുകളിലും കമ്പനി കൊണ്ടുവരുമെന്നാണ് കരുതുന്നത്. സാംസങ് ഗാലക്സി എസ് അൾട്രാ ഫോണുകളിൽ കഴിഞ്ഞ ആറര വർഷമായി 5,000mAh ബാറ്ററി തന്നെയാണ് നൽകി വരുന്നത്.
മത്സരരംഗത്തുള്ള മറ്റ് ബ്രാൻഡുകൾ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും, ആധുനിക സ്മാർട്ട്ഫോണുകൾ ഉയർന്ന ഊർജ്ജം ആവശ്യമുള്ള എഐ പ്രവർത്തനങ്ങൾ മുഴുവൻ സമയവും നിർവഹിക്കുമ്പോഴും മികച്ച ബാറ്ററി ലൈഫ് എന്നത് ഒരു ബോണസ് അല്ല, മറിച്ച് അത്യാവശ്യ ഘടകമായി മാറിയിരിക്കുന്നു. ഉപയോക്താക്കൾക്ക് കൂടുതൽ സമയം ഫോൺ ചാർജ് ചെയ്യാതെ ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കാൻ പുതിയ സാങ്കേതികവിദ്യകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

