സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചു രണ്ടുമാസം പിന്നിടുമ്പോഴും പീച്ചി ഡാമിലെ ജലസംഭരണം 26 ശതമാനമായി കുറഞ്ഞു. കഴിഞ്ഞവർഷം ഇതേ ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഡാമിൽ 66 ശതമാനം ജലമുണ്ടായിരുന്നു.
മുൻവർഷം ജൂൺ 27-നാണ് ഷട്ടറുകൾ തുറന്നതെങ്കിൽ, നിലവിൽ ജൂലൈ 27 പിന്നിട്ടിട്ടും ഷട്ടർ നിരപ്പിലേക്ക് പോലും വെള്ളമെത്തിയിട്ടില്ല. ഇന്നലെ വൈകീട്ടത്തെ കണക്കുപ്രകാരം 70.85 മീറ്റർ ഉയരത്തിലാണ് പീച്ചിയിലെ ജലനിരപ്പ് രേഖപ്പെടുത്തിയത്.
എന്നാൽ കഴിഞ്ഞ വർഷം ഇതേ ദിവസം 20 സെന്റിമീറ്റർ ഉയരത്തിൽ ഡാമിന്റെ 4 ഷട്ടറുകളും തുറന്നിരുന്നു. 79.25 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്.
ശക്തമായ മഴയും നീരൊഴുക്കും ഉണ്ടായാൽ മാത്രമേ ഇത്തവണ ഡാമിന്റെ ഷട്ടറുകൾ തുറക്കാനുള്ള സാഹചര്യം ഒരുങ്ങുകയുള്ളൂ. തൃശൂർ കോർപറേഷനിലേക്കും ഏഴ് പഞ്ചായത്തുകളിലേക്കും തൃശൂർ ഗവ.
മെഡിക്കൽ കോളജിലേക്കും പ്രധാനമായും ശുദ്ധജലവിതരണം നടത്തുന്നത് പീച്ചി ഡാമിൽ നിന്നാണ്. അതിനാൽ തന്നെ ജലനിരപ്പിലെ ഈ ഗണ്യമായ കുറവ് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
അതേസമയം, ചിമ്മിനി ഡാമിലെ ജലസംഭരണം ഇന്നലെ 49 ശതമാനമായാണ് രേഖപ്പെടുത്തിയത്. ചിമ്മിനിയിലെ ജലനിരപ്പ് നിലവിൽ 64.76 മീറ്ററിലാണ് ഉള്ളത്.
കഴിഞ്ഞ വർഷം ഇതേ ദിവസം ഇത് 69.46 മീറ്ററായിരുന്നു. 76.4 മീറ്ററാണ് ചിമ്മിനി ഡാമിന്റെ പരമാവധി ജലനിരപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

