യുവതാരം നസ്ലെൻ നായകനായി എത്തി തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടിയ ശേഷം ഒടിടി പ്ലാറ്റ്ഫോമുകളിൽ മികച്ച പ്രശംസ സ്വന്തമാക്കിയ ചിത്രമാണ് മോളിവുഡ് ടൈംസ്. ഈ സിനിമയുടെ റിലീസിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട
ഒന്നായിരുന്നു ചിത്രത്തിൽ സംഗീത് പ്രതാപ് അവതരിപ്പിച്ച അർജുൻ ഹരിദാസ് എന്ന കഥാപാത്രം. യഥാർത്ഥ ജീവിതത്തിലെ പ്രമുഖ നടനും സംവിധായകനുമായ ബേസിൽ ജോസഫിനെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നത് എന്ന തരത്തിൽ എക്സ്, റെഡിറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിച്ചിരുന്നു.
ബേസിലിന്റെ മുൻകാല അഭിമുഖങ്ങളിലെ പരാമർശങ്ങളും ചിത്രത്തിലെ കഥാപാത്രത്തിന്റെ സംഭാഷണങ്ങളും കോർത്തിണക്കിയായിരുന്നു ഇത്തരം പ്രചാരണങ്ങൾ സജീവമായത്. എന്നാൽ ഈ വിഷയത്തിൽ സംവിധായകനോ ബേസിൽ ജോസഫോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.
ഇപ്പോഴിതാ, ഈ ചർച്ചകളോട് ആദ്യമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ അഭിനവ് സുന്ദർ നായക്. ‘മോളിവുഡ് ടൈംസുമായി ബന്ധപ്പെട്ട് ഓൺലൈനിൽ പ്രചരിക്കുന്ന ഗൂഢാലോചനാസിദ്ധാന്തങ്ങളിൽ വാസ്തവമുണ്ടോ?’ എന്ന ചോദ്യത്തിന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്.
ആര് ആരാണെന്ന് കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം, കഥാപാത്രങ്ങളിലൂടെ താൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ പ്രേക്ഷകർ ചർച്ച ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്ന് സംവിധായകൻ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ കഥ പൂർണ്ണമായും ഭാവനയിൽ നിന്ന് രൂപപ്പെടുത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കഥ പൂർണ്ണമായും ഭാവനയിൽനിന്നുള്ളതാണെന്നും കഥാപാത്രങ്ങൾ ഞാനും രാമുവും ഞങ്ങളുടെ ജീവിതത്തിൽ കണ്ടുമുട്ടിയ ആളുകളുടെ മിശ്രണമാണെന്നും ഞാൻ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്റെ ജീവിതാനുഭവങ്ങൾ ചിത്രത്തിൽ ചേർത്തിട്ടുണ്ടെന്നത് സത്യമാണ്.
എന്നാൽ അവയിലേറെയും ഭാവന കലർത്തിയാണ് ചെയ്തത്. പ്രേക്ഷകർക്ക് അത് വേർതിരിച്ച് ഒരു നിഗമനത്തിലേക്ക് എത്താൻ സാധിക്കില്ല.
ആരെയെങ്കിലും തുറന്നുകാട്ടുക എന്നതായിരുന്നു എന്റെ ഉദ്ദേശമെങ്കിൽ, ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടാൽ മതിയായിരുന്നു. ചില അപ്രിയസത്യങ്ങളെക്കുറിച്ച് പറയുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം.
അതിൽ കൂടുതലൊന്നുമില്ല,” എന്ന് അഭിനവ് സുന്ദർ നായക് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

