തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകാനെത്തിയ വയോധികയെ പൊലീസ് മർദിച്ചതായി പരാതി. വർക്കല ഇടവ കൽക്കൂട്ടംവിള സ്വദേശിനിയായ ശാരദയാണ് വർക്കല പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്നാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് വ്യക്തമാക്കിയത്.
അയൽവാസി കടമായി വാങ്ങിയ 2.5 ലക്ഷം രൂപ തിരികെ നൽകിയില്ലെന്ന പരാതിയുമായി മുഖ്യമന്ത്രിയെ നേരിൽ കാണാൻ ഒരാഴ്ച മുൻപാണ് ശാരദ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അയിരൂർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
ആദ്യ തവണ എത്തിയപ്പോൾ പരാതി സ്വീകരിച്ച മുഖ്യമന്ത്രി, രണ്ട് ദിവസത്തിന് ശേഷം വീണ്ടും എത്താൻ നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് എത്തിയപ്പോൾ പൊലീസ് തന്നെ അകത്തേക്ക് കടത്തിവിട്ടില്ലെന്ന് ശാരദ ആരോപിക്കുന്നു.
മുഖ്യമട്ടിയെ കണ്ടേ മടങ്ങൂ എന്ന് വ്യക്തമാക്കിയതോടെ 5 വനിതാ പൊലീസുകാരും 3 സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ ബലമായി പൊലീസ് ജീപ്പിലേക്ക് എറിഞ്ഞുവെന്നും ഇതിനിടെ മുഖം ഇടിച്ചുവീണെന്നുമാണ് ശാരദയുടെ വെളിപ്പെടുത്തൽ. മണിക്കൂറുകൾക്ക് ശേഷമാണ് തന്നെ അവിടെ നിന്നും പുറത്തുവിട്ടത്.
ഈ സമയത്ത് പൊലീസുകാർ അനുനയ ശ്രമം നടത്തുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്തതായും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തെ തുടർന്ന് ശാരദ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

