സംസ്ഥാനത്തെ പൊലീസ് സേനയിലെ സംഘടനകളുടെ ഘടനയിൽ പുനഃസംഘടന വരുത്തി സർക്കാർ ഉത്തരവായി. ഇനി മുതൽ സേനയിൽ പൊലിസ് അസോസിയേഷനും സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമായിരിക്കും ഉണ്ടായിരിക്കുക.
ഇതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പിരിച്ചുവിട്ടു. പുതിയ തീരുമാനത്തിനെതിരെ നിലവിലെ ഭാരവാഹികൾ സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാരിനും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
1979-ൽ ആണ് പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, സീനിയർ പൊലീസ് അസോസിയേഷൻ എന്നീ മൂന്ന് സംഘടനകൾക്ക് സർക്കാർ ഔദ്യോഗികമായി പ്രവർത്തനാനുമതി നൽകിയിരുന്നത്. സിവിൽ പൊലീസ് ഓഫീസർമാർ മുതൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ വരെയുള്ളവർ പൊലീസ് അസോസിയേഷന്റെയും, ഗ്രേഡ് എസ്ഐമാർ മുതൽ ഇൻസ്പെക്ടർമാർ വരെയുള്ളവർ ഓഫീസേഴ്സ് അസോസിയേഷന്റെയും, ഡിവൈഎസ്പിമാർ മുതൽ നോൺ ഐപിഎസ് എസ്പിമാർ വരെയുള്ളവർ സീനിയർ ഓഫീസേഴ്സ് അസോസിയേഷന്റെയും കീഴിലുമായിരുന്നു ഇതുവരെ പ്രവർത്തിച്ചിരുന്നത്.
ഈ പഴയ സംഘടനാ സംവിധാനമാണ് ഇപ്പോൾ സർക്കാർ പൂർണ്ണമായി മാറ്റിയിരിക്കുന്നത്. സാധാരണയായി 25 വർഷത്തെ സേവനകാലയളവ് പൂർത്തിയാക്കുമ്പോഴാണ് ഒരു പൊലീസുകാരന് ഗ്രേഡ് എസ്ഐ പദവി ലഭിക്കുന്നത്.
പൊലീസുകാരുടെ അതേ സേവന പ്രശ്നങ്ങൾ തന്നെയാണ് ഗ്രേഡ് എസ്ഐമാർക്കുമുള്ളതെന്ന സർക്കാരിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കൂടി പൊലീസ് അസോസിയേഷന്റെ ഭാഗമാക്കിയത്. നേരിട്ട് നിയമനം ലഭിക്കുന്ന എസ്ഐമാർ മുതൽ എസ്പിമാർ വരെയുള്ള ഉദ്യോഗസ്ഥർ ഇനി മുതൽ സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ കീഴിലായിരിക്കും ഉൾപ്പെടുക.
ഇതോടെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പൂർണ്ണമായും ഇല്ലാതായിരിക്കുകയാണ്. സംഘടനകളുടെ ഘടനയിലുള്ള ഈ മാറ്റത്തിനെതിരെ ഡിവൈഎസ്പിമാരും എസ്പിമാരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
മൂന്ന് സംഘടനകളുടെയും തലപ്പത്ത് ഇടതുപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഈ രീതി പൊളിച്ചെഴുതുക എന്ന ലക്ഷ്യവും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
വരുന്ന സെപ്റ്റംബർ 30-ന് മുൻപായി രണ്ട് സംഘടനകൾക്കും പുതിയ ഭരണസമിതിയെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സംഘടനാ സംവിധാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും സജീവമായി നടക്കുന്നുണ്ട്.
പിരിച്ചുവിട്ട പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആസ്തികൾ പുതിയ രണ്ട് സംഘടനകൾക്കായി തുല്യമായി വീതം വെക്കും.
സംഘടന തലത്തിലുള്ള ഈ മാറ്റത്തിന് ആനുപാതികമായി ഇവർക്ക് കീഴിൽ പ്രവർത്തിച്ചിരുന്ന സഹകരണ സംഘങ്ങളുടെ ഭരണസമിതികളിലും മാറ്റങ്ങൾ ഉണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

