ഈഴവ സമുദായം നേരിടുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പിന്നാക്കാവസ്ഥകൾ പഠിച്ച് ശാശ്വത പരിഹാരം കാണുന്നതിന് പ്രത്യേക കമ്മിഷനെ സർക്കാർ നിയമിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. പത്മഭൂഷൺ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന് എസ്എൻ ട്രസ്റ്റിന്റെയും കൊല്ലം ജില്ലയിലെ 10 എസ്എൻഡിപി യോഗം യൂണിയനുകളുടെയും നേതൃത്വത്തിൽ നൽകിയ സ്വീകരണച്ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ആവശ്യമാണെങ്കിൽ ഇതിനായി മൂന്നാം നിവർത്തന പ്രക്ഷോഭത്തിന് സമുദായം സജ്ജമാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എസ്എൻഡിപി യോഗത്തിന് ആരോടും യാതൊരുവിധ വിരോധവുമില്ലെന്നും എന്നാൽ സമുദായത്തിന് അർഹമായ സാമൂഹിക നീതി ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സച്ചാർ കമ്മിഷനെയും പാലോളി കമ്മിഷനെയും നിയമിച്ചും, കോശി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമൊക്കെ ന്യൂനപക്ഷ സമുദായങ്ങൾ അവകാശങ്ങൾ നേടിയെടുത്തു. ഈ മാതൃകയിൽ ഈഴവ സമുദായത്തിന് എന്താണ് ലഭിച്ചതെന്ന് ചിന്തിക്കണം.
രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും നേരിടുന്ന വെല്ലുവിളികൾ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്രോഫിനാൻസ് പദ്ധതിയിലൂടെ കൊല്ലം ജില്ലയിൽ മാത്രം 500 കോടി രൂപയുടെ വായ്പ വിതരണം ചെയ്യാൻ സാധിച്ചതായി വെള്ളാപ്പള്ളി നടേശൻ വെളിപ്പെടുത്തി.
കൊല്ലം യൂണിയനിൽ മാത്രം 26 വീടുകൾ നിർമ്മിച്ചു നൽകി. കേരളത്തിലാകെ ഇത്തരത്തിൽ നിരവധി വീടുകളാണ് നിർമ്മിച്ചുനൽകിയിട്ടുള്ളത്.
കൊല്ലം, പത്തനാപുരം, കരുനാഗപ്പള്ളി, കുന്നത്തൂർ തുടങ്ങിയ മേഖലകളിൽ സഹകരണ ബാങ്കുകൾ ആരംഭിച്ചു. എസ്എൻഡിപി യോഗത്തിന്റെ ആസ്തി 432.13 ഇരട്ടിയായും എസ്എൻ ട്രസ്റ്റിന്റെ ആസ്തി 23 ഇരട്ടിയായും വർധിപ്പിക്കാൻ കഴിഞ്ഞെന്നും, എന്നാൽ ഇതൊന്നും ചിലരുടെ ഇടുങ്ങിയ ചിന്തകൾക്ക് പ്രാപ്യമല്ലെന്നും അദ്ദേഹം വിമർശിച്ചു.
“ലക്ഷക്കണക്കിനു രൂപയാണു ചികിത്സാസഹായവും വിദ്യാഭ്യാസ സഹായവുമായി നൽകുന്നത്. എംബിബിഎസിന് 4 പേരെ സ്കോളർഷിപ് നൽകി പഠിപ്പിക്കുന്നു.
ആസ്തികൾ ഒന്നും എന്റെ വീട്ടിൽ നിന്നു കൊണ്ടു വന്നതല്ല. വിദേശത്തു നിന്നു ലഭിച്ചതുമല്ല.
വെള്ളാപ്പള്ളി നടേശന്റെ പേരിൽ മൈക്രോഫൈനാൻസിന്റെ പേരിൽ അഞ്ചു പൈസയില്ല. സമുദായത്തിന് ഒരു നേതാവില്ല എന്നായിരുന്നു 30 വർഷം മുൻപുള്ള കേട്ടിരുന്ന ആക്ഷേപം.
ഇന്ന് നേതാവില്ല എന്ന് പറയാൻ ഏതെങ്കിലും രാഷ്ട്രീയകക്ഷിക്കു ധൈര്യമോ തന്റേടമോ ഉണ്ടാകില്ല. എസ്എൻഡിപി യോഗം ഓഫിസ് ജപ്തി ചെയ്തു എന്നാണ് പ്രചരിപ്പിച്ചത്.
എവിടെയാണ് ജപ്തി ചെയ്തത്?. യോഗം ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലം എസ്എൻ ട്രസ്റ്റിന്റേതാണ്.
എന്നും വിമർശിക്കാൻ മാത്രം നിൽക്കുന്ന ചില ദുഷ്ടശക്തികളുണ്ട്.പിണറായിയെയും കൊടിയേരി ബാലകൃഷ്ണനെയും ഉമ്മൻ ചാണ്ടിയെയും എ.കെ. ആന്റണിയെയും പി.കെ.
കുഞ്ഞാലിക്കുട്ടിയെയും എം.കെ. മുനീറിനെയുമൊക്കെ ഇഷ്ടമാണ്.
ബേബി ജോണിനെയും ടി.കെ.ദിവാകരനെയും വളരെ ഇഷ്ടമാണ്. ഇതുപോലെ ഇഷ്ടമുള്ള പലരുമുണ്ട്.
എന്റെ ഭൂതകാലത്തെപ്പറ്റി ചിലർക്കൊന്നും അറിയില്ല. ഞാൻ 21 വയസ്സുള്ളപ്പോൾ തുടങ്ങിയതാണ് പൊതുപ്രവർത്തനം.
സ്കൂളിൽ ചെയർമാനായപ്പോൾ മിഠായി കൊടുത്തു ജയിച്ചെന്നാണ് പറഞ്ഞു പരത്തിയത്. എസ്എൻഡിപി യോഗത്തിൽ ജയിച്ചപ്പോൾ ബിരിയാണി കൊടുത്തിട്ടാണെന്നു പറഞ്ഞു.
ചെറുപ്പം മുതൽ പാവങ്ങളുടെ കണ്ണീരും വിഷമങ്ങളും കണ്ടിട്ടുള്ള ആളാണ്.” സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ ഒന്നിപ്പിച്ച് അവരെ മുന്നോട്ടുകൊണ്ടുവരാൻ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച പത്മഭൂഷൺ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഎൻഎസ്എസ് നഴ്സിങ് കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സംഘാടകരുടെ പ്രതീക്ഷകളെ പൂർണ്ണമായും അർത്ഥവറ്റാക്കിക്കൊണ്ട് വലിയ ജനക്കൂട്ടമാണ് എത്തിയത്. കേന്ദ്രമന്ത്രി അമിത്ഷായുടെ സന്ദേശം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ചടങ്ങിൽ വായിച്ചു.
സ്വാഗത സംഘം കൺവീനർ മോഹൻ ശങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ജി.ജയദേവൻ, എ.സോമരാജൻ, തുഷാർ വെള്ളാപ്പള്ളി, പ്രീതി നടേശൻ, ബി.ബി.
ഗോപകുമാർ എംഎൽഎ, പി.വി.രെജിമോൻ എന്നിവർക്കൊപ്പം വിവിധ യൂണിയൻ ഭാരവാഹികളും സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

