ഡൽഹിയിൽ പുതിയൊരു സമൂഹ മാധ്യമ ചർച്ചയ്ക്ക് തുടക്കമായിരിക്കുകയാണ്. ‘ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.
അടുത്തത് എഥനോൾ ഗഡ്കരി’ എന്ന രീതിയിലുള്ള ചർച്ചകളാണ് കഴിഞ്ഞ രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുള്ളത്. എന്താണ് ‘എഥനോൾ ഗഡ്കരി’ എന്ന ചോദ്യത്തിന് മറുപടിയുമായി കോക്ക്രോച്ച് ജനത പാർട്ടിക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി രംഗത്തെത്തിയിട്ടുണ്ട്.
‘ഒരേയൊരു ആവശ്യം, ഒരേയൊരു ദൗത്യം, എഥനോൾ കലർത്താത്ത, 100 ശതമാനം ശുദ്ധമായ പെട്രോൾ എന്നത് ഓരോ പൗരന്റേയും അവകാശം. നിർബന്ധിത എഥനോൾ കലർത്തൽ ഇല്ലാതെ 100 ശതമാനം യഥാർഥ ഇന്ധനമാണ് നമുക്ക് വേണ്ടത്.’ ഇതാണ് ഇജെപി മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയം.
‘100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്റേയും അവകാശത്തിനായാണ് ഇ20 ജനതാ പാർട്ടി പോരാടുന്നത്. സ്വന്തം വാഹനത്തിൻ്റെ ഇന്ധന ടാങ്കുകളിലേക്ക് എന്താണ് പോകേണ്ടതെന്ന് ഉപഭോക്താക്കൾ തീരുമാനിക്കട്ടെ.’ -ഇതാണ് എക്സിലെ ബയോയായി ഇജെപി കുറിച്ചിരിക്കുന്നത്.
ഒറ്റദിവസം കൊണ്ട് എക്സിൽ 20,000-ത്തിലേറെ പേരും ഇൻസ്റ്റഗ്രാമിൽ 27,000-ത്തിലേറെ പേരുമാണ് ഇജെപിയെ ഫോളോ ചെയ്തത്. ഈ നിമിഷമാകുമ്പോൾ ഇജെപിയെ ഫോളോ ചെയ്തവരുടെ എണ്ണം അതിൻ്റെ ഇരട്ടിയിലധികമായി മാറിയിട്ടുണ്ട്.
മെയ് 16ന് കോക്ക്രോച്ച് ജനത പാർട്ടി ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചപ്പോൾ 24 മണിക്കൂറിനുള്ളിൽ 15,000-ത്തിലധികം ഫോളോവേഴ്സിനെയാണ് ലഭിച്ചത്. മെയ് 21 വരെ ആയപ്പോഴേക്കും 14 മില്ല്യൺ ഫോളേവേഴ്സ് സിജെപിക്ക് ഒപ്പം ചേർന്നു.
ഓരോ മിനിറ്റിലും ആയിരക്കണക്കിന് പേരാണ് ഈ ഗ്രൂപ്പിനെ പിന്തുടർന്നത്. ഫോളേവേഴ്സിൻ്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയും കോക്ക്രോച്ച് ജനത പാർട്ടി മറികടന്നിരുന്നു.
20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ അഥവാ ഇ20 പെട്രോൾ കാരണം വാഹനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും ഇ20 പെട്രോളിനെതിരായ പ്രതിഷേധങ്ങളെ കുറിച്ചുള്ള വിവരങ്ങളുമാണ് ആദ്യഘട്ടത്തിൽ ഇജെപി പോസ്റ്റ് ചെയ്തത്. ‘ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.
അടുത്തത് എഥനോൾ ഗഡ്കരി’തുടങ്ങിയ പോസ്റ്റുകൾ ഇതിനു പിന്നാലെ പുറത്തുവന്നു. എഥനോൾ കലർത്തിയ പെട്രോൾ രാജ്യത്ത് അനിവാര്യമാണെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയാണ് ഇജെപി ലക്ഷ്യമിടുന്നത്.
ഇതൊരു രാഷ്ട്രീയ മുന്നേറ്റമല്ലെന്നും ഉപഭോക്തൃ അവകാശങ്ങൾക്കായുള്ള മുന്നേറ്റമാണെന്നുമാണ് ഇജെപിയുടെ വിശദീകരണം. കോക്ക്രോച്ച് ജനത പാർട്ടിയുടെ ഇൻസ്റ്റ ബയോയിലും അവർ യഥാർത്ഥ രാഷ്ട്രീയ പാർട്ടിയല്ലെന്നും ഇന്ത്യൻ യുവത്വത്തിൻ്റെ നിശബ്ദമായ ഡിജിറ്റൽ കലാപമാണെന്നുമാണ് വ്യക്തമാക്കിയിരുന്നത്.
രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോൾ പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമായ ഇന്ധനമാണെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോൾ പുതിയ സമൂഹ മാധ്യമ കൂട്ടായ്മയ്ക്ക് എന്ത് മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇതിന്റെ ഭാഗമായി ആദ്യ പടിയെന്ന നിലയിൽ ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് പാർലമെൻ്റിലേക്ക് മാർച്ച് നടത്താൻ എക്സ് അക്കൗണ്ട് വഴി ഇ20 ജനതാ പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

