ന്യൂഡൽഹി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രഹ്ലാദ് ജോഷി ഔദ്യോഗികമായി ചുമതലയേറ്റു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് മുൻ മന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു.
തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തിന്റെ രാജി അംഗീകരിക്കുകയും, ആ ഒഴിവിലേക്കാണ് പ്രഹ്ലാദ് ജോഷിയെ നിയോഗിക്കുകയും ചെയ്തത്. തന്നിൽ പൂർണ വിശ്വാസമർപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ സുപ്രധാന ഉത്തരവാദിത്തം നൽകിയിരിക്കുന്നതെന്നും, നിലവിൽ വകുപ്പിന്റെ പ്രവർത്തനശൈലി വിലയിരുത്തി വരികയാണെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
‘‘ഇന്നലെ ഞാൻ കർണാടകയിലായിരുന്നു. വിവരം അറിഞ്ഞപ്പോൾ രാത്രി തന്നെ ഡൽഹിയിലെത്തി.
വകുപ്പിലെ എല്ലാ വിവരങ്ങളും, എടുക്കേണ്ട തീരുമാനങ്ങളും അവലോകനം ചെയ്യുകയാണ്.
വകുപ്പിന്റെ പ്രവർത്തനം മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. ഇന്ന് തുടർച്ചയായ യോഗങ്ങൾ ഉണ്ടായിരുന്നു.
എനിക്ക് ഇതൊരു പുതിയ വിഷയമാണ്. ചുമതലയേറ്റതിന് പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചകളും നടത്തി’’– പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോട് പ്രതികരിച്ചു.
ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ‘‘ഇന്ന് ഞാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു.
എന്നിൽ വിശ്വാസമർപ്പിച്ച് ഈ ഉത്തരവാദിത്തം ഏൽപ്പിച്ചതിന് ബഹു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു.
വിനയത്തോടെയും അഗാധമായ കർത്തവ്യബോധത്തോടെയും ഈ ചുമതല ഞാൻ സ്വീകരിക്കുന്നു’’– എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

