ഇടുക്കി ജില്ലയിലെ മറയൂരിൽ സ്കൂളിൽ പോകാൻ വാഹനം കാത്തുനിന്ന എട്ടു വയസ്സുകാരനു നേരെ കാട്ടുപോത്തിന്റെ ആക്രമണം. പള്ളനാട് സ്വദേശി രഞ്ജിത്തിന്റെ മകനും പള്ളനാട് എൽപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയുമായ കാർത്തിക് പാണ്ഡ്യയ്ക്കാണ് പരുക്കേറ്റത്.
ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു സംഭവം. പതിവുപോലെ വീട്ടിൽനിന്നിറങ്ങി മറയൂർ–മൂന്നാർ സംസ്ഥാന പാതയോട് ചേർന്നുള്ള പള്ളനാട് ഭാഗത്ത് ഓട്ടോറിക്ഷയ്ക്കായി കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം.
സമീപത്തെ ചന്ദനക്കാട്ടിൽനിന്ന് പെട്ടെന്നോടിയെത്തിയ കാട്ടുപോത്തിനെ കണ്ട് നാട്ടുകാർ നിലവിളിച്ചെങ്കിലും, രക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ മൃഗം കൊമ്പിൽ കോർത്ത് എറിയുകയായിരുന്നു. ഇരുപതടിയോളം അകലേക്ക് തെറിച്ചുവീണ കുട്ടിയുടെ തോളെല്ലിനും കൈക്കുമാണ് പരുക്കേറ്റത്.
നാട്ടുകാർ ചേർന്ന് ഉടൻ തന്നെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് അടിമാലി താലൂക്കാശുപത്രിയിലും എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ കുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായെന്നും അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മൃഗശല്യം രൂക്ഷമായ മലയോര മേഖലയിൽ കൃത്യസമയത്ത് അടിയന്തര ചികിത്സ ലഭിക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്.
പരുക്കേറ്റ കാർത്തിക് പാണ്ഡിക്ക് വിദഗ്ധ ചികിത്സ ലഭിക്കാൻ നാല് മണിക്കൂറിലധികം സമയമാണ് കാത്തിരിക്കേണ്ടി വന്നത്. ആംബുലൻസിൽ ഏകദേശം 150 കിലോമീറ്ററോളമാണ് യാത്രാദൂരം പിന്നിടേണ്ടി വന്നത്.
ഇടുക്കി മെഡിക്കൽ കോളജിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ, ഗുരുതര പരുക്കേൽക്കുന്നവരെ അടിമാലി വഴി എറണാകുളം, തൊടുപുഴ, കോട്ടയം തുടങ്ങിയ വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ചിന്നക്കനാൽ, കുമളി തുടങ്ങിയ മേഖലകളിൽ നിന്നും സമാനമായ രീതിയിൽ മണിക്കൂറുകളോളം യാത്രാദുരിതം അനുഭവിച്ചാണ് രോഗികൾ ആശുപത്രികളിൽ എത്തുന്നത്.
അതേസമയം, കുട്ടിയെ ആക്രമിച്ച കാട്ടുപോത്ത് വർഷങ്ങളായി ഈ പ്രദേശത്ത് തമ്പടിച്ചിട്ടുള്ളതാണെന്നും വനം വകുപ്പ് ഇത് തുരത്താൻ തയാറായിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. നാല് വർഷം മുൻപ് ഇതേ പ്രദേശത്തുവെച്ച് ദുരൈരാജ് എന്നയാൾ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം ജയ എന്ന പ്രദേശവാസിക്കും കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും പതിവായിട്ടും വനാതിർത്തികളിൽ മതിയായ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന പരാതി ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

