കറുകച്ചാൽ പൊലീസ് നടത്തിയ നിർണായക നീക്കത്തിലൂടെ വൻ കള്ളനോട്ട് വേട്ട. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 8:30-ഓടെയാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം.
കറുകച്ചാൽ ബവ്റിജ് ചില്ലറ വിൽപന ശാലയ്ക്ക് മുന്നിലെ തിരക്കിനിടയിൽ മദ്യം വാങ്ങാനെത്തിയ ഒരു യുവാവ് കൗണ്ടറിലേക്ക് 500 രൂപയുടെ നോട്ട് നൽകി. എന്നാൽ നോട്ടിലെ അസ്വാഭാവികമായ ഇരുണ്ട
നിറം ജീവനക്കാരനിൽ സംശയമുണർത്തി. തുടർന്ന് നടത്തിയ സൂക്ഷ്മ പരിശോധനയിൽ അതൊരു വ്യാജ നോട്ടാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് ജീവനക്കാർ യുവാവിനെ തടഞ്ഞുവെക്കുകയും ഉടൻതന്നെ വിവരം കറുകച്ചാൽ പൊലീസിനെ അറിയിക്കുകയും ചെയ്തു. സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ, ‘എനിക്കൊന്നും അറിയില്ല സാറേ, ഇത് എന്റെ കൂട്ടുകാരൻ തന്ന പണമാണ്.’ എന്നായിരുന്നു യുവാവിന്റെ മറുപടി.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആ കൂട്ടുകാരനെ രാത്രിയോടെ തന്നെ പിടികൂടി. ഇയാളെ കസ്റ്റഡിയിലെടുത്തു നടത്തിയ പരിശോധനയിൽ 2 കള്ളനോട്ടുകൾ കൂടി കണ്ടെത്തുകയുണ്ടായി.
തുടർന്ന് നടത്തിയ കര്ശന ചോദ്യം ചെയ്യലിലാണ് കേസിന്റെ യഥാർത്ഥ സൂത്രധാരനെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്. ‘ലോട്ടറിയടിച്ച പണമാണെന്നു പറഞ്ഞ് അലക്സ് തോമസ് എന്നയാളാണ് എനിക്കീ മൂന്ന് 500 രൂപ നോട്ടുകൾ തന്നത്…’ എന്നായിരുന്നു കൂട്ടുകാരന്റെ വെളിപ്പെടുത്തൽ.
ഇതോടെ അന്വേഷണം അലക്സ് തോമസിലേക്ക് തിരിഞ്ഞു. കൃത്യം നടന്ന് അന്നേ ദിവസം പുലർച്ചെ 1:30-ഓടെ മാമ്പതി ഭാഗത്തുള്ള ഇയാളുടെ താമസസ്ഥലം പൊലീസ് വളഞ്ഞു.
പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പെടുത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ അലക്സ് തോമസിൽ നിന്ന് 62 വ്യാജ നോട്ടുകൾ കൂടി പിടിച്ചെടുത്തു.
മൊത്തം 65 കള്ളനോട്ടുകളാണ് സംഘത്തിൽ നിന്ന് പിടികൂടിയത്. കാപ്പ കേസ് പ്രതി കൂടിയായ ഈ പഴയ കുറ്റവാളി നിലവിൽ നോട്ടിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറായിട്ടില്ലെങ്കിലും, ഈ റാക്കറ്റിന്റെ വേരുകൾ തോണ്ടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ് സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

