കൊല്ലം റെയിൽവേ സ്റ്റേഷന്റെ കവാടത്തിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല. പ്ലാറ്റ്ഫോമിലെ വെളിച്ചക്കുറവും ഇഴജന്തുക്കളുടെ സാന്നിധ്യവും നിലവിൽ യാത്രക്കാരിലും ജീവനക്കാരിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സ്റ്റേഷൻ കവാടത്തിൽ നിന്നും മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശിക്കുന്ന മേൽപ്പാലത്തിന്റെ പടവുകൾക്ക് താഴെയാണ് മൂർഖൻ പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് ഇത് സമീപത്തുള്ള മാളത്തിലേക്ക് ഇഴഞ്ഞു കയറുകയായിരുന്നു.
റെയിൽവേ അധികൃതർ പരിശോധന നടത്തിയെങ്കിലും ഇവിടെ നിരവധി മാളങ്ങൾ ഉള്ളതിനാൽ പാമ്പ് ഏതിലാണ് ഒളിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനോട് ചേർന്നുള്ള ഭാഗത്താണ് തീവണ്ടികളിൽ നിന്നുള്ള മാലിന്യങ്ങൾ തരംതിരിക്കുന്ന കേന്ദ്രം പ്രവർത്തിക്കുന്നത്.
ഇവിടെ രാപ്പകലില്ലാതെ വനിതാ ജീവനക്കാരും ജോല ചെയ്യുന്നുണ്ട്. ഉച്ചയ്ക്കും രാത്രിയിലും എത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ ഇവിടെയാണ് വേർതിരിച്ച് സൂക്ഷിക്കുന്നത്.
ഈ മാലിന്യങ്ങൾ തേടി എലികൾ കൂട്ടമായി എത്തുന്നതാണ് പാമ്പുകൾ ഇവിടേക്ക് ആകർഷിക്കപ്പെടാൻ കാരണമെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു. യാത്രക്കാർ കൂട്ടമായി കടന്നുപോകുന്ന കവാടത്തിൽ ആവശ്യത്തിന് വെളിച്ചവുമില്ല.
കൂടാതെ, വലിയൊരു സ്കാനർ ടാർപോളിൻ മൂടി ഇവിടെ സൂക്ഷിച്ചിരിക്കുന്നതും പാമ്പുകൾക്ക് ഒളിത്താവളമാകാൻ സാധ്യതയുണ്ട്. പ്ലാറ്റ്ഫോമുകളിൽ സാധാരണയായി പാമ്പുകളെ കാണാറില്ലെന്നായിരുന്നു റെയിൽവേ അധികൃതരുടെ മുൻപുള്ള വിലയിരുത്തൽ.
“കവാടത്തിലാണ് ഞങ്ങൾ പതിവായി ഇരിക്കുന്നത്. ട്രെയിൻ വന്ന് യാത്രക്കാർ ഇറങ്ങുമ്പോൾ സ്റ്റേഷനിലേക്ക് കയറാൻ പോലും സ്ഥലമില്ല.
മഴകൂടി പെയ്താൽ പിന്നെ നിൽക്കാൻ പോലുമാകാത്ത ചെളിയും വെള്ളവുമാണ്. ഇതിനിടയിൽ പാമ്പ് കിടന്നാൽ പോലും അറിയില്ല,” എന്ന് പോർട്ടറായ കെ.ഗംഗാധരൻ പ്രതികരിച്ചു.
പാളങ്ങൾക്ക് സമീപം പാമ്പുകളെ കാണുന്നത് പതിവാണെന്ന് മറ്റൊരു പോർട്ടറായ ഷമീർ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്ലാറ്റ്ഫോമിൽ പലയിടത്തും ആവശ്യത്തിന് വെളിച്ചമില്ല.
യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കുന്ന സ്ഥലങ്ങളിലും ഇതേ അവസ്ഥയാണ്. യാത്രക്കാർക്കായി കസേരകൾ ഒരുക്കിയിട്ടുണ്ടെങ്കിലും അവിടേയും വെളിച്ചം കുറവാണ്.
രാത്രികാലങ്ങളിൽ മാലിന്യം തരംതിരിക്കുന്ന ജോലികൾക്കായി മൂന്ന് വനിതാ ജീവനക്കാരാണ് ഇവിടെയുള്ളത്. പുലർച്ചെ നാലുമണിവരെ ഇവർ ഇവിടെ ജോല ചെയ്തുവരുന്നു.
ഈ പ്രദേശത്ത് നിർമാണങ്ങൾ നടക്കുന്നതിനാൽ ചെറിയ ഷീറ്റ് കൊണ്ടു മറച്ചാണ് മാലിന്യ ശേഖരണ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്. വെളിച്ചക്കുറവ് കൂടിയായപ്പോൾ ജീവനക്കാർ കടുത്ത ഭയത്തിലാണ് ജോലി ചെയ്യുന്നത്.
യാത്രക്കാർ തിങ്ങിഞെരുങ്ങി മാത്രം സഞ്ചരിക്കുന്ന കവാടത്തിന് തൊട്ടടുത്തുള്ള പ്രദേശം കാടുകയറി കിടക്കുകയാണ്. ഇത് വൃത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
കവാടം ഇവിടെ നിന്ന് മാറ്റുമെന്ന പ്രഖ്യാപനവും പാഴായി. മാലിന്യ ശേഖരണ കേന്ദ്രത്തിൽ എലികളുടെ ശല്യം രൂക്ഷമാണ്.
സ്റ്റേഷൻ പരിസരത്ത് പാമ്പുകളെ കണ്ടിട്ടുണ്ടെങ്കിലും അവ കവാടത്തിലേക്ക് തന്നെ എത്തിയത് വലിയൊരു അപകടത്തിന് കാരണമായേക്കാമെന്ന ഭീതിയിലാണ് ഏവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

