സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ സഞ്ചാരികളുടെ സുരക്ഷയും ആരോഗ്യവും മുൻനിർത്തി മൊബൈൽ ഡിസ്പെൻസറി യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്ഥിരമായി ആരോഗ്യ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങളും ഭരണാനുമതി ലഭിക്കാനുള്ള കാലതാമസവും കണക്കിലെടുത്താണ് ദിവസേന ആയിരക്കണക്കിന് ആളുകളെത്തുന്ന ഇവിടെ താൽക്കാലികമായി മൊബൈൽ ഡിസ്പെൻസറി സേവനം ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
വിതുര താലൂക്ക് ആശുപത്രിയുടെ നിയന്ത്രണത്തിൽ ഈ യൂണിറ്റിന്റെ പ്രവർത്തനം ഏകോപിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് മുൻപ് പൊന്മുടി വന സംരക്ഷണ സമിതിയുടെ(വിഎസ്എസ്) നേതൃത്വത്തിൽ അധികൃതർക്ക് നിവേദനം നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സഞ്ചാരികൾക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പ്രാഥമിക ചികിത്സ ഉറപ്പാക്കാനുള്ള സംവിധാനങ്ങൾ നിലവിൽ പൊന്മുടിയിൽ ലഭ്യമല്ല. വിദഗ്ദ്ധ ചികിത്സയ്ക്കോ പ്രഥമ ശുശ്രൂഷയ്ക്കോ വേണ്ടി ഇവിടെയെത്തുന്നവർ 26 കിലോമീറ്റർ അകലെയുള്ള വിതുര താലൂക്ക് ആശുപത്രിയെ ആശ്രയിക്കേണ്ടുന്ന ദയനീയ സാഹചര്യമാണുള്ളത്.
ഇടിമിന്നലേറ്റു വിനോദസഞ്ചാരി ജീവൻ വെടിഞ്ഞതുൾപ്പെടെയുള്ള ദാരുണ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഒരിടത്താണ് ഈ ആരോഗ്യവകുപ്പിന്റെ അലംഭാവം. മുൻകാലങ്ങളെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ ഒഴുക്ക് പൊന്മുടിയിൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും അപര്യാപ്തമാണ്.
ചെക്ക്പോസ്റ്റ് ടിക്കറ്റ് കളക്ഷൻ വഴിയും അമിനിറ്റി സെന്ററിലെ വരുമാനത്തിലൂടെയും ലക്ഷക്കണക്കിന് രൂപയാണ് പ്രതിമാസം സർക്കാരിലേക്ക് ലഭിക്കുന്നത്. വലിയ തോതിൽ സർക്കാരിന് വരുമാനം നേടികൊടുക്കുന്ന പൊന്മുടിയിൽ ഒരു മൊബൈൽ ഡിസ്പെൻസറി യൂണിറ്റ് ആരംഭിക്കുന്നതിന് തടസ്സം എന്താണെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.
വിനോദസഞ്ചാരികൾക്ക് പുറമെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പൊന്മുടി തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്കും സാധാരണക്കാർക്കും റിസോർട്ട്-ഗെസ്റ്റ് ഹൗസ് ജീവനക്കാർക്കും ഈ യൂണിറ്റ് വലിയ തോതിൽ ആശ്വാസമാകും. വിഷയത്തിൽ പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രികരും.
അപകടസാധ്യതകൾ ഏറിവരുന്ന മലയോര മേഖല വലിയ അനിഷ്ട സംഭവങ്ങൾ പതിവില്ലെങ്കിലും ഏതു നിമിഷവും അപകടങ്ങൾ പതിയിരിക്കുന്ന മേഖലയാണ് പൊന്മുടി.
ഹെയർപിൻ വളവുകളിലെ അപകടങ്ങളും വന്യമൃഗങ്ങളുടെ ഭീഷണിയും ഇവിടെ നിരവധിയാണ്. ഇടിമിന്നൽ ഭീഷണിയും മണ്ണിടിച്ചിൽ സാധ്യതയും എക്കാലത്തെയുമെന്ന പോലെ ഇപ്പോഴുമുണ്ട്.
പാറക്കെട്ടുകളിൽ തെന്നിവീണ് പരുക്കേൽക്കുന്നതും കനത്ത മൂടൽമഞ്ഞ് മൂലം ശ്വാസതടസ്സം അനുഭവപ്പെടുന്നതുമായ സംഭവങ്ങളും ഇവിടെ നിത്യസംഭവങ്ങളാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ രോഗികൾക്ക് വേഗത്തിൽ പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ മൊബൈൽ ഡിസ്പെൻസറി യൂണിറ്റിന്റെ പ്രവർത്തനം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

