കൊല്ലം ജില്ലയിലെ കെഎസ്ആർടിസി പ്രിയദർശിനി ബസുകളിൽ വിജിലൻസ് ഇൻസ്പെക്ടർമാരുടെ പരിശോധന കർശനമാക്കാൻ ഔദ്യോഗിക നിർദേശം. ചില ബസുകളിൽ പുരുഷൻമാർക്കും സീറോ ടിക്കറ്റ് നൽകി പണം വാങ്ങിയെന്ന വ്യാപക പരാതികളെ തുടർന്നാണ് നടപടി.
ചിലത് അബദ്ധത്തിൽ സംഭവിച്ചതാണെന്നു കണ്ടക്ടർമാർ വിശദീകരണം നൽകിയതിനാൽ നിലവിൽ നടപടിയെടുത്തിട്ടില്ല. പുരുഷൻമാർക്കു നൽകുന്ന ടിക്കറ്റ് ഒന്നു കൂടി പരിശോധിച്ചു നൽകണമെന്ന് കണ്ടക്ടർമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
ചിലർ അബദ്ധത്തിൽ സീറോ ടിക്കറ്റ് നൽകിയ ശേഷം അബദ്ധം തിരിച്ചറിഞ്ഞ് തിരികെ വാങ്ങി യഥാർഥ ടിക്കറ്റ് നൽകിയ സംഭവങ്ങൾ യാത്രക്കാർ തന്നെ വിജിലൻസ് സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് നടത്തുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് കണ്ടക്ടർമാരും വ്യക്തമാക്കുന്നു.
പ്രിയദർശിനി പദ്ധതിക്കു ശേഷം ബസിൽ തിരക്ക് കൂടിയതിനാൽ ജോലി ഭാരം വർധിച്ചതായും ഇൗ തിരക്കിനിടയിൽ അറിയാതെ സംഭവിക്കുന്നതാണന്നും ജീവനക്കാർ വിശദീകരിക്കുന്നു. സ്ത്രീ യാത്രക്കാർ ഇൗ ടിക്കറ്റ് വാങ്ങി മിക്കപ്പോഴും ബസിൽ ഉപേക്ഷിക്കുകയാണ് പതിവ്.
കണ്ടക്ടറോട് എതിർപ്പുള്ള പുരുഷൻമാർ ആരെങ്കിലും ഇൗ ടിക്കറ്റ് എടുത്ത് കൈയിൽ വച്ച് പരാതി പറയാനും സമൂഹമാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കാനും സാധ്യതയുണ്ടെന്നു കണ്ടക്ടർമാർ ആരോപിക്കുന്നു. ടിക്കറ്റ് മെഷീനിൽ പ്രിയദർശിനി ടിക്കറ്റിന്റെയും മെയിൻ ടിക്കറ്റിന്റെ ബട്ടണും തമ്മിൽ ചെറിയ വ്യത്യാസം മാത്രമാണുള്ളത്.
ചിലപ്പോൾ ഇതിൽ മാറി അമർത്തിയും അബദ്ധം പിണയാറുണ്ട്. തിരക്കിനിടയിൽ അത് ശ്രദ്ധിക്കാതെ പോവുകയാണ് പതിവ്.
ഇത്തരത്തിൽ സീറോ ടിക്കറ്റ് പുരുഷൻമാർക്ക് നൽകിയാൽ കെഎസ്ആർടിസിക്കും സർക്കാരിനും ഒരുപോലെ നഷ്ടമാണെന്നും കണ്ടക്ടർമാർക്ക് ഇരട്ടിലാഭമാണെന്നും ആരോപണവും ഉയർന്നിരുന്നു. സീറോ ടിക്കറ്റിനുള്ള പണം സർക്കാർ കെഎസ്ആർടിസിക്കു നൽകണം.
സീറോ ടിക്കറ്റ് കൊടുത്ത് പുരുഷൻമാരിൽ നിന്ന് പണം വാങ്ങിയാൽ അത് കണ്ടക്ടർക്ക് എടുക്കാം. ഒപ്പം ബസിൽ പ്രിയദർശിനിയുടെ തിരക്ക് കൂടുമ്പോൾ ഉള്ള കലക്ഷൻ ബാറ്റയും കണ്ടക്ടർക്ക് ലഭിക്കുമെന്നതാണ് ആരോപണം.
കണ്ടക്ടർ പിടിയിൽ
പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറെ പ്രിയദർശിനി ടിക്കറ്റ് പുരുഷന്മാർക്കു നൽകിയതിന് സ്ക്വാഡ് പിടികൂടി. വെള്ളംതെറ്റിക്ക് സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറെയാണ് പിടികൂടിയത്.
യാത്രക്കാരുടെ പരാതിക്കൊടുവിൽ പത്തനംതിട്ടയിൽ നിന്നുള്ള സിഎംഡി സ്ക്വാഡ് നടത്തിയ പരിശോധനയിൽ 18 രൂപയുടെ പ്രിയദർശിനി ടിക്കറ്റ് ഒരു പുരുഷനു നൽകിയതായി കണ്ടെത്തി. ബാഗിൽ 40 രൂപ അധികമുണ്ടായിരുന്നതും കണ്ടെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

