ആലപ്പുഴ: ഏറെ കോലാഹലങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ നെഹ്റു ട്രോഫി ജലമേളയുടെ പവലിയൻ നിർമാണ കരാർ ഒടുവിൽ റദ്ദാക്കി. ഓസ്കാർ ഇവന്റ്സ് കമ്പനിക്ക് അനുവദിച്ചിരുന്ന ടെൻഡറാണ് ഇറിഗേഷൻ വകുപ്പ് ഔദ്യോഗികമായി റദ്ദാക്കിയത്.
ഇതേത്തുടർന്ന് സ്റ്റേജ് നിർമാണം ഉൾപ്പെടെയുള്ള അവശേഷിക്കുന്ന പ്രവൃത്തികൾക്കായി അധികൃതർ പുതിയ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കലൂർ സ്റ്റേഡിയത്തിൽ വെച്ച് ഉമാ തോമസ് എംഎൽഎക്ക് പരിക്കേൽക്കാൻ ഇടയാക്കിയ പരിപാടി സംഘടിപ്പിച്ചത് ഈ കമ്പനിയായിരുന്നു.
ഇവർക്ക് ജലമേളയുടെ കരാർ നൽകിയത് വലിയ തോതിൽ ജനരോഷത്തിനും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇന്നലെ വൈകിട്ടോടുകൂടിയാണ് ടെൻഡർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
സാങ്കേതിക കാരണങ്ങൾ മുൻനിർത്തിയാണ് പഴയ ടെൻഡർ റദ്ദാക്കുന്നത് എന്ന ഔദ്യോഗിക വിശദീകരണമാണ് ഇറിഗേഷൻ വകുപ്പ് നൽകിയിട്ടുള്ള ഉത്തരവിലുള്ളത്. എന്നാൽ, വിവാദങ്ങളിൽപ്പെട്ട
ഈ കമ്പനിയെ പ്രമുഖമായ നെഹ്റു ട്രോഫി നടത്തിപ്പിലേക്ക് കടത്തിവിടാൻ ഇറിഗേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും ചേർന്ന് ഗൂഢനീക്കം നടത്തിയെന്ന ഗുരുതരമായ ആക്ഷേപം സംഘാടക സമിതി യോഗത്തിലും ഉയർന്നു വന്നിരുന്നു. തുടക്കത്തിൽ കലൂർ സ്റ്റേഡിയത്തിൽ നടന്ന സിനിമാ താരത്തിന്റെ നൃത്തപരിപാടിയുടെ ദൃശ്യങ്ങൾ ജില്ലാ കളക്ടർക്ക് മുന്നിൽ പ്രദർശിപ്പിച്ചാണ് ഓസ്കാർ ഇവന്റ്സ് ജലമേളയുടെ സംഘാടനത്തിലേക്ക് കടന്നുവന്നത്.
ഈ പരിപാടിയുടെ ഒരുക്കങ്ങളും സജ്ജീകരണങ്ങളും ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് ബോധിക്കുകയും, തുടർന്ന് കരാർ ഈ ഏജൻസിക്ക് തന്നെ കൈമാറാൻ ഏകദേശ ധാരണയാവുകയും ചെയ്യുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

