യുകെയിൽ നിന്ന് ഷാമ്പൂ കുപ്പികളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഒമ്പത് കിലോഗ്രാമോളം വരുന്ന രാസ മയക്കുമരുന്ന് ദ്രാവകം കുവൈത്ത് കസ്റ്റംസ് അധികൃതർ പിടികൂടി. എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്മെന്റിലെ ടാർഗെറ്റിംഗ് ടീം നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്.
യുകെയിൽ നിന്നെത്തിയ കാർഗോ ഷിപ്പ്മെന്റിൽ സംശയം തോന്നിയതിനെ തുടർന്ന് അധികൃതർ നടത്തിയ വിശദമായ പരിശോധനയിലാണ് ഷാമ്പൂ കുപ്പികൾക്കുള്ളിൽ ദ്രാവക രൂപത്തിൽ സൂത്രത്തിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനകൾ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മയക്കുമരുന്ന് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
പിടിച്ചെടുത്ത ശേഖരം കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കുവൈത്തിലേക്ക് അനധികൃതമായി നിരോധിത വസ്തുക്കൾ കടത്തുന്നത് തടയുന്നതിന്റെ ഭാഗമായി, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ കർശന നിർദ്ദേശാനുസരണമാണ് കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുള്ളത്.
രാജ്യ സുരക്ഷയും പൊതുജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് എല്ലാ അതിർത്തി പോയിന്റുകളിലും ശക്തമായ സുരക്ഷാ നിരീക്ഷണം തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

