ലിവർപൂൾ: വിമാനത്തിനുള്ളിൽ യാത്രക്കാർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്ന് യാത്രാവിമാനം അടിയന്തരമായി തിരിച്ചിറക്കി. 30000 അടി ഉയരത്തിൽ പറക്കുന്നതിനിടയിലാണ് സംഭവം.
186 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്ത ഈസി ജെറ്റ് വിമാനമാണ് സാങ്കേതികമല്ലാത്ത കാരണങ്ങളാൽ വഴിതിരിച്ചുവിട്ടത്. ബ്രിട്ടനിലെ ലിവർപൂളിലേക്ക് പുറപ്പെട്ട
വിമാനമാണ് യാത്രക്കാരുടെ സംഘർഷത്തെ തുടർന്ന് കാനറി ദ്വീപിലേക്ക് തിരികെ ഇറക്കിയത്. ബ്രിട്ടീഷ് പൗരന്മാർ തമ്മിലുണ്ടായ വാക്കേറ്റം പിന്നീട് കയ്യേറ്റത്തിലേക്കും കൂട്ടത്തല്ലിലേക്കും വഴിമാറുകയായിരുന്നു.
വിമാനത്തിനുള്ളിലെ സംഘർഷം യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് കണ്ട് പൈലറ്റ് വിമാനം കാനറി ദ്വീപുകളിലെ ടെനറീഫ് സൗത്ത് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയായിരുന്നു. എയർ ട്രാഫിക് കൺട്രോളർ നൽകുന്ന വിവരമനുസരിച്ച്, വിമാനത്തിലുണ്ടായിരുന്ന പത്തോളം വരുന്ന യാത്രക്കാരുടെ സംഘമാണ് അക്രമത്തിന് തുടക്കമിട്ടത്.
വിമാനത്തിനുള്ളിൽ ചില യാത്രക്കാർ മോശമായി പെരുമാറിയതാണ് തിരിച്ചിറങ്ങാൻ കാരണമായതെന്ന് ഈസിജെറ്റ് അധികൃതരും ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വിമാനം ടെനറീഫിൽ ലാൻഡ് ചെയ്തയുടൻ പോലീസ് വിമാനത്താവളത്തിലെത്തി നടപടികൾ സ്വീകരിച്ചു.
ഒന്നിച്ച് യാത്ര ചെയ്തിരുന്ന രണ്ട് മുതിർന്നവരും ആറ് പ്രായപൂർത്തിയാകാത്ത കുട്ടികളും അടങ്ങുന്ന എട്ടംഗ സംഘത്തെ സ്പാനിഷ് സിവിലിയൻ ഗാർഡ് വിമാനത്തിൽ നിന്ന് പുറത്താക്കി. വിമാനത്തിൽ കയറുന്നതിന് മുൻപ് തന്നെ എയർപോർട്ട് ടെർമിനലിൽ വച്ച് രണ്ട് കുടുംബങ്ങൾ തമ്മിൽ രൂക്ഷമായ തർക്കം നടന്നിരുന്നതായും, വിമാനത്തിനുള്ളിലേക്ക് കയറിയ ശേഷവും ഈ പ്രശ്നങ്ങൾ തുടരുകയായിരുന്നുവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
പ്രശ്നക്കാരായ യാത്രക്കാരെ ഒഴിവാക്കിയ ശേഷം വിമാനം പിന്നീട് ലിവർപൂളിലേക്ക് യാത്ര പുനരാരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

