കൊച്ചി: സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടമായ അനീഷ് മോഹൻ്റെ ഭൗതികശരീരം കൊച്ചിയിലെത്തിച്ചു. കൊൽക്കത്തയിൽ നിന്നാണ് മൃതദേഹം വിമാനമാർഗം കേരളത്തിലെത്തിച്ചത്.
തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ നിന്നും കോട്ടയം പാമ്പാടിയിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോയി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഔദ്യോഗിക ചടങ്ങുകളോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷന്റെ (എൻ.എച്ച്.പി.സി) സിക്കിം യൂണിറ്റ് മാനേജരായി സേവനമനുഷ്ഠിച്ചിരുന്ന അനീഷ് മോഹനെ അപകടത്തിൽ കാണാതാകുന്നത്. സിക്കിമിലെ നാംചി ജില്ലയിലെ സമർദുങ്ങിൽ എൻ.എച്ച്.പി.സിയുടെ തീസ്ത സ്റ്റേജ് 6 ഹൈഡ്രോ പവർ പ്രോജക്ടിന്റെ ഭാഗമായുള്ള തുരങ്കപാത നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലാണ് ദാരുണ സംഭവം ഉണ്ടായത്.
മീഥെയിൻ വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനവും പിന്നാലെയുണ്ടായ ശക്തമായ മണ്ണിടിച്ചിലുമാണ് വൻ ദുരന്തത്തിന് കാരണമായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു ഈ അപകടം സംഭവിച്ചത്.
പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ ദുരന്തത്തിൽ മരണപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും തൊഴിലാളികളും.

