പാസ്വേഡ് ഓർമ്മയില്ലാത്തതോ അല്ലെങ്കിൽ ടൂ-ഫാക്ടർ ഓതന്റിക്കേഷൻ പരാജയപ്പെടുന്നതോ ആയ സന്ദർഭങ്ങളിൽ ഗൂഗിൾ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കുന്നതിനായി പുത്തൻ സംവിധാനം അവതരിപ്പിച്ച് Google. അക്കൗണ്ടിൽ നിന്നും ലോക്ക് ഔട്ട് ആവുകയോ സാധാരണയായി ഉപയോഗിക്കുന്ന ഫോണോ കമ്പ്യൂട്ടറോ ലഭ്യമല്ലാതിരിക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിൽ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ഫോണുകളിലെ ഫെയ്സ് അൺലോക്ക് സംവിധാനത്തിന് സമാനമായാണ് ഈ ഫീച്ചറും പ്രവർത്തിക്കുന്നത്. ബയോമെട്രിക് തിരിച്ചറിയലിനായി വിവിധ ദിശകളിലേക്ക് തല തിരിക്കുന്ന പ്രക്രിയയിലൂടെ ഉപയോക്താക്കൾക്ക് പ്രാരംഭഘട്ടത്തിൽ ഒരു സെൽഫി വീഡിയോ റെക്കോർഡ് ചെയ്യാം.
അക്കൗണ്ടിൽ നിന്നും ലോക്ക് ഔട്ട് ആവുകയും സെൽഫി സൈൻ-ഇൻ ഉപയോഗിക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, ഉപയോക്താക്കൾക്ക് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാം. തുടർന്ന് സ്ക്രീനിൽ വരുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് തല തിരിക്കുമ്പോൾ, ഈ ദൃശ്യങ്ങൾ ആദ്യം സേവ് ചെയ്തുവെച്ച വീഡിയോയുമായി ഒത്തുനോക്കി പരിശോധന നടത്തും.
മൊബൈൽ ഉപകരണങ്ങളിലും കമ്പ്യൂട്ടറുകളിലും ഈ സെൽഫി സൈൻ-ഇൻ സൗകര്യം ലഭ്യമാണ്. ഫീച്ചർ നിലവിൽ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്.
അക്കൗണ്ടിൽ ഈ സൗകര്യം ലഭ്യമമാണോ എന്ന് പരിശോധിക്കുന്നതിനായി g.co/signin-selfie സന്ദർശിക്കാവുന്നതാണ്. ഡിപ്ഫേക്കുകളുടെ കാലത്ത് വ്യക്തിവിവരങ്ങൾ അടങ്ങിയ ഗൂഗിൾ അക്കൗണ്ടിലേക്ക് മുഴുവൻ പ്രവേശനം നൽകുന്ന തരത്തിലുള്ള ഈ സംവിധാനം ആശങ്കകൾ ഉയർത്തുന്നുണ്ടെങ്കിലും, ഇതിന് കൃത്യമായ പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം.
“When you use a selfie to sign in, we use multiple layers of security to help prevent impersonation attempts like fake photos and videos (i.e., deep fakes),” “For example, we match your video against your saved selfie and require you to perform simple movements to prove it’s a live video,” എന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. അക്കൗണ്ടുകളിലേക്ക് പ്രവേശിക്കുന്നതിന് സെൽഫി സൈൻ-ഇൻ മാത്രവുമല്ല മറ്റ് മാർഗ്ഗങ്ങളും നിലവിലുണ്ട്.
ഉപകരണങ്ങളുടെ തലത്തിൽ കൈകാര്യം ചെയ്യുന്ന ബയോമെട്രിക് ഓപ്ഷനായ പാസ്കീസുകളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. കൂടാതെ, വിശ്വസ്തരായ റിക്കവറി കോൺടാക്റ്റുകളെയും അക്കൗണ്ടിൽ ചേർക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

