വര്‍ഷങ്ങളോളം ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളുടെ സംരക്ഷണത്തില്‍ വളര്‍ന്ന എഡിജിപി എം.ആർ. അജിത് കുമാർ കടുത്ത ആരോപണങ്ങളും കക്ഷികളുടെ ശക്തമായ എതിര്‍പ്പുകളും നേരിട്ടെങ്കിലും പദവിയില്‍ തുടര്‍ന്നിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് ഭരണമാറ്റം വന്നതും എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ചതുമാണ് അദ്ദേഹത്തിന് കനത്ത തിരിച്ചടിയായത്.
ഡിജിപി പദവി കണ്മുന്നില് എത്തിനില്‍ക്കുന്ന സമയത്താണ് ഒടുവില്‍ സസ്പെന്ഷന് നടപടി നേരിടേണ്ടി വന്നിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ പിന്തുണയിലായിരുന്നു മുന്‍ എംഎല്‍എ പി.വി.
അഞ്ചര്‍ അടക്കമുള്ളവരെ തള്ളി അജിത് കുമാര്‍ ഇത്രയും കാലം സേനയില്‍ മുന്നോട്ടുപോയിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെയാണ് ആലപ്പുഴ രക്ഷാപ്രവര്‍ത്തനക്കേസ് വീണ്ടും സജീവ ചര്‍ച്ചയായത്.
മുന്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാരാല് മര്‍ദനമേറ്റ എ.ഡി. തോമസ് എംഎല്‍എയായി സഭയിലെത്തിയത് ഈ വിഷയത്തിന് പുതിയ മാനം നല്കി.
തുടര്‍ന്നാണ് കേസ് അന്വേഷണത്തിനായി എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അന്നത്തെ ആലപ്പുഴ എസ്.പി. ചൈത്ര തെരേസാ ജോണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതും കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ തിരുത്തിയതുമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
എം.ആര്. അജിത് കുമാറിന്റെ നേരിട്ടുള്ള ഇടപെടലാണ് ഇതിന് പിന്നിലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയായിരുന്നു.
തിരുവനന്തപുരത്തെ ഓഫിസിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് തിരുത്തിച്ചതായും, ഈ വ്യാജ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ മാസം 23നാണ് എസ്ഐടി ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചു ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തുടര്‍ന്ന് കൂടുതല്‍ വ്യക്തതയ്ക്കായി റിപ്പോര്‍ട്ട് മടക്കി അയച്ചതോടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സംരക്ഷണ നീക്കങ്ങള്‍ നടക്കുന്നതായി ആക്ഷേപമുയര്‍ന്നു. എഡിജിപിയുടെ പങ്ക് കൂടുതല്‍ സ്പഷ്ടമാക്കി എസ്ഐടി വീണ്ടും റിപ്പോര്‍ട്ട് നല്‍കിയതോടെ ഡിജിപി വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ എം.ആര്. അജിത് കുമാർ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നും എസ്ഐടിയുടെ കണ്ടെത്തലുകള്‍ അതീവ ഗൗരവമുള്ളതാണെന്നും ചൂണ്ടിക്കാട്ടി ഡിജിപി ആഭ്യന്തര സെക്രട്ടറിക്കും സര്‍ക്കാരിനും റിപ്പോര്‍ട്ട് കൈമാറി.
ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നത്. മുന്‍കാലങ്ങളില്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് കടുത്ത ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോഴും അജിത് കുമാറിനെതിരെ കടുത്ത നടപടികള്‍ ഉണ്ടായിരുന്നില്ല.
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍, അനധികൃത സ്വത്തു സമ്പാദനക്കേസ്, ശബരിമല ട്രാക്ടര്‍ കേസ് തുടങ്ങിയ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. സിപിഐ മന്ത്രിമാര്‍ ഉള്‍പ്പെടെ ശക്തമായ വിയോജിപ്പ് അറിയിച്ചിട്ടും ക്രമസമാധാന ചുമതലയില്‍ മാറ്റം വരുത്തുകയോ ബറ്റാലിയന് എഡിജിപിയായും എക്സൈസ് കമ്മിഷണറായും ഒടുവില്‍ ബെവ്കോ എംഡിയായും മാത്രമാണ് അദ്ദേഹത്തെ മാറ്റിയത്.
യുഡിഎഫ് സര്‍ക്കാര്‍ ഭരണമേറ്റെടുത്തതോടെയാണ് ഈ പ്രതിരോധങ്ങളെല്ലാം തകര്‍ന്നടിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

