അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി വൈഭവ് സൂര്യവംശി. ഹരാരെയില്‍ സിംബാബ്വെക്കെതിരെ നടന്ന ആദ്യ ടി20 മത്സരത്തിലാണ് 15കാരനായ സൂര്യവംശി വെറും 18 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
നാല് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. 15 വര്‍ഷവും 118 ദിവസവുമാണ് വൈഭവിന്റെ പ്രായം.
ഐസിസി മുഴുവന്‍ അംഗത്വമുള്ള ടീമുകളെ എടുത്താല്‍, അഫ്ഗാനിസ്ഥാന് താരം റഹ്മാനുള്ള ഗുര്‍ബാസിന്റെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോഡ്. 2019ല്‍ സിംബാബ്വെക്കെതിരെ ഗുര്‍ബാസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോള്‍ 17 വര്‍ഷവും 296 ദിവസവുമായിരുന്നു പ്രായം.
ആദ്യത്തെ ടി20 അന്താരാഷ്ട്ര അര്‍ദ്ധശതകം നേടുമ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരുടെ പട്ടിക:
– 15 വയസ് 118 ദിവസം – വൈഭവ് സൂര്യവംശി (ഇന്ത്യ) vs സിംബാബ്വെ, ഹരാരെ, 2026
– 16 വയസ് 56 ദിവസം – ലൂയിസ് ബ്രൂസ് (ജിബ്രാള്‍ട്ടര്‍) vs മൊള്ട്ട, അല്ബെര്ഗാരിയ, 2021
– 16 വയസ്സ് 76 ദിവസം – കവിന് ചദ്ദ (ഇന്തോനേഷ്യ) vs സ്വീഡന്, ബാലി, 2026
– 16 വയസ്സ് 89 ദിവസം – അലൂസിന് തുറേ (സിയറ ലിയോണ്‍) vs ഘാന, ബെനോണി, 2023
– 16 വയസ്സ് 118 ദിവസം – ടെന്‍ജിന്‍ റാബ്ഗേ (ഭൂട്ടാന്) vs ചൈന, കൗലാലംപൂർ, 2023
സിംബാബ്വെക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 126 റണ്‍സാണ് വിജയലക്ഷ്യം. ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്വെയെ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവ് ആണ് തകര്‍ത്തത്.
പ്രിന്‍സ് യാദവിനും രണ്ട് വിക്കറ്റുണ്ട്. ആതിഥേയർക്ക് ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്.
34 പന്തില്‍ 39 റണ്‍സെടുത്ത വെസ്ലി മധെവേരെയാണ് അവരുടെ ടോപ് സ്കോറര്‍. റ്യാന്‍ ബേള്‍ 35 പന്തില്‍ 29 റണ്‍സെടുത്തു.
തദിവനാഷി മരുമാനി (20 പന്തില്‍ പുറത്താവാതെ 27) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണിത്. പേസര്‍ അശോക് ശര്‍മ ഇന്ത്യയുടെ ടി20 ജേഴ്സിയില്‍ അരങ്ങേറി.
മായങ്ക് യാദവും ടീമില്‍ തിരിച്ചെത്തി. മത്സരത്തില്‍ പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് തന്നെ സിംബാബ്വെക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു.
ആദ്യ പന്തില്‍ തന്നെ ബ്രയാന്‍ ബെന്നറ്റ് (0) പുറത്തായി. മായങ്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷനാണ് ക്യാച്ചെടുത്തത്.
പിന്നാലെ ബെന്‍ കറന് (10), ഡിയോണ്‍ മെയേഴ്സ് (6) എന്നിവരും പവലിയനില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയ്ക്ക് (4) തിളങ്ങാനായില്ല.
പിന്നീട് ബേള്‍ – മധെവേരെ സഖ്യം കൂട്ടിചേര്‍ത്ത 32 റണ്‍സ് ആതിഥേയര്‍ക്ക് നേരിയ ആശ്വാസമായി. 14-ാം ഓവറില്‍ ബേള്‍ മടങ്ങി.
തുടര്‍ന്ന് മധെവേരെ – തദിവനാഷി മരുമാനി കൂട്ടുകെട്ട് നേടിയ 57 റണ്‍സാണ് സിംബാബ്വെയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. മധെവേരെ അവസാന ഓവറിലെ രണ്ടാം പന്തിൽ പുറത്തായി.
തൊട്ടുപിന്നാലെ ബ്രാഡ് ഇവാന്‍സും (0) ഗോള്‍ഡന്‍ ഡക്കായി മടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

