പാമ്പാടിയിൽ നിന്നുള്ള പ്രതീക്ഷകളും പ്രാർത്ഥനകളും ബാക്കിയാക്കി സിക്കിമിൽ തുരങ്കം തകർന്നു കാണാതായ അനീഷ് മോഹൻ വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. വെള്ളൂർ പത്താഴക്കുഴിയിലെ കൂരോത്തുപറമ്പ് വീട്ടിൽ മകന്റെ മടങ്ങിവരവ് കാത്ത് കണ്ണീരോടെ കഴിയുകയാണ് മാതാപിതാക്കളായ ടി.കെ.മോഹനനും അമ്മ അമ്മിണിക്കുട്ടിയും.
‘ഓണത്തിനു തീർച്ചയായും വരാം…’ എന്ന യാത്രപറച്ചിലിലെ വാക്കാണ് ഇപ്പോൾ ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ. എട്ടുമാസം പ്രായമുള്ള ഇളയമകൾ കാർത്യായനിയുടെ ഇരുപത്തെട്ടുകെട്ട് ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് അനീഷ് അവസാനമായി നാട്ടിലെത്തിയത്.
തുടർന്ന് ഓണാവധിക്കു വീണ്ടും വീട്ടിലെത്താമെന്ന് ഉറപ്പുനൽകിയാണു മടങ്ങിയത്. ദുരന്തം നടക്കുടിനു തലേദിവസം വൈകിട്ടും അദ്ദേഹം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നു.
വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലുള്ള മാതാവിന്റെ ആരോഗ്യസ്ഥിതിയും അദ്ദേഹം ഫോണിലൂടെ അന്വേഷിച്ചിരുന്നു. എന്നാൽ അപകടവിവരം പിതാവിനെ അറിയിച്ചിട്ടുണ്ടെങ്കിലും മാതാവിന്റെ സുഖാന്വേഷണങ്ങളെ കരുതി ബന്ധുക്കൾ ഇതുവരെയും അമ്മയെ വിവരമറിയിച്ചിട്ടില്ല.
തെക്കൻ സിക്കിമിലെ സമർഡൂങ്ങിൽ നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്പിസി) നടപ്പിലാക്കുന്ന ടീസ്റ്റ ജലവൈദ്യുത പദ്ധതിയുടെ തുരങ്കമാണ് കഴിഞ്ഞ തിങ്കളാഴ്ച തകർന്നത്. എൻഎച്ച്പിസിയുടെ സിക്കിം യൂണിറ്റ് മാനേജരായി സേവനം അനുഷ്ഠിക്കുകയായിരുന്നു അനീഷ്.
തുരങ്കം സ്ഥിതിചെയ്യുന്ന പ്രദേശത്തെ പാറയിടുക്കുകളുടെ കാഠിന്യവും ജലാംശവും പരിശോധിച്ച് വിലയിരുത്തുന്ന വിദഗ്ദ്ധ ഉദ്യോഗസ്ഥ സംഘത്തിലായിരുന്നു അദ്ദേഹം ഉൾപ്പെട്ടിരുന്നത്. തുരങ്ക നിർമ്മാണ വേളയിൽ പാറ തുരക്കുമ്പോൾ തൊഴിലാളികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നതും ഇദ്ദേഹമായിരുന്നു.
പാറയ്ക്കുള്ളിൽ മീഥൈൻ വാതകം ചോർന്നതിനെ തുടർന്നുണ്ടായ ശക്തമായ സ്ഫോടനത്തിലാണ് വൻ ദുരന്തം സംഭവിച്ചത്. തുരങ്കത്തിനകത്ത് ഇപ്പോഴും തുടരുന്ന വാതക സാന്നിധ്യവും അതീവ പ്രതികൂലമായ കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തോതിൽ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
തുരങ്കത്തിൽ നിന്നും ഇന്നലെ കൂടുതൽ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടുകൂടി ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 13 ആയി ഉയർന്നു. ആകെ 20 പേരാണ് ഈ അപകടത്തിൽ പെട്ടിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

