പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ട വിഭഗമായ കൂൺ കൃഷിയിലൂടെ മാതൃകയാവുകയാണ് ഒരു യുവ സംരംഭകൻ.
വൈറ്റമിനുകളായ ബി, ഡി, സെലീനിയം, പൊട്ടാസ്യം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നവും ആരോഗ്യകരവുമായ കൂൺ ഉൽപ്പാദനത്തിലൂടെ വലിയ നേട്ടമാണ് മഹേഷ് കോളൂർ സ്വന്തമാക്കുന്നത്. വെറും 500 രൂപ മുതൽമുടക്കിൽ ആരംഭിച്ച ഈ സംരംഭത്തിൽ നിന്നും ഇപ്പോൾ പ്രതിമാസം 3 ലക്ഷത്തിലേറെ രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം.
അഗ്രികൾച്ചർ ഡിപ്ലോമ പഠനം പൂർത്തിയാക്കാൻ തീരുമാനിച്ചതുതന്നെ കൂൺ കൃഷിയെക്കുറിച്ചുള്ള ലക്ഷ്യങ്ങളോടെയായിരുന്നു. ബാഗൽക്കോട്ട് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ തന്നെ വീടിനുള്ളിലെ ഒരു മുറി കൃഷിക്കായി സജ്ജമാക്കി.
2021-ൽ ആയിരുന്നു ഈ സംരംഭത്തിന് തുടക്കക്കമിട്ടത്. രാജ്യത്ത് പ്രധാനമായും ബട്ടൺ, ഓയിസ്റ്റർ, സ്ട്രോ എന്നീ ഇനം കൂണുകളാണ് കൃഷി ചെയ്യുന്നത്.
ഇതിൽ നിന്നും ഓയിസ്റ്റർ ഇനമാണ് കൃഷിക്കായി മഹേഷ് കോളൂർ തിരഞ്ഞെടുത്തത്. തുടക്കത്തിൽ 65 രൂപ നൽകി ഒരു കിലോഗ്രാം ഓയിസ്റ്റർ കൂണും 30 മഷ്റൂം ബാഗുകളും വാങ്ങി.
അങ്ങനെ ആകെ ചെലവ് 500 രൂപയായി ചുരുങ്ങിയെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തുടക്കത്തിലെ പരിചയക്കുറവ് കാരണം 10 ബാഗുകൾ നശിച്ചുപോയെങ്കിലും, ബാക്കിയുള്ളവയിൽ ഓരോന്നിലും 500-600 ഗ്രാം വരെ വിളവെടുക്കാൻ സാധിച്ചു.
ആകെ 10 കിലോഗ്രാം വിളവാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. കിലോഗ്രാമിന് 180 മുതൽ 200 രൂപ വരെ വില നിശ്ചയിച്ചായിരുന്നു ആദ്യ വിപണനം.
ഇതിലൂടെ ഏകദേശം 2000 രൂപ ആദ്യവരുമാനമായി ലഭിച്ചു. രണ്ടാം ഘട്ട
കൃഷിയിൽ 200 കൂൺ ബാഗുകൾ ഒരുക്കി രംഗത്തിറങ്ങി. ഇത്തവണ താപനില കൃത്യമായി ക്രമീകരിച്ചുകൊണ്ട് കൂടുതൽ ശാസ്ത്രീയമായ രീതികളാണ് അവലംബിച്ചത്.
മൂന്ന് മാസത്തിന് ശേഷം 250 കിലോഗ്രാം വിളവാണ് ലഭിച്ചത്. കിലോഗ്രാമിന് ശരാശരി 300 രൂപ നിരക്കിൽ പ്രാദേശിക വിപണിയിൽ തന്നെ ഇവ വിറ്റഴിക്കാനും സാധിച്ചു.
ആത്മവർധനവോടെ ഓയിസ്റ്ററിന് പുറമേ മിൽകി കൂൺ കൃഷിയിലേക്കും അദ്ദേഹം ചുവടുമാറ്റി. ഏത് സീസണിലും മികച്ച വിപണി മൂല്യമുള്ളവയാണ് ഈ രണ്ട് ഇനങ്ങളും.
എന്നാൽ കൂണുകൾക്ക് ‘ഷെൽഫ് ലൈഫ്’ അഥവാ ആയുസ്സ് കുറവാണെന്ന പ്രതിസന്ധിയുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് ഇവ വിപണിയിലെത്തിക്കേണ്ടതുണ്ട്.
ഈ വെല്ലുവിളിയെയും അദ്ദേഹം വിജയകരമായി മറികടന്നു. എല്ലാവരും കൂൺ നേരിട്ട് ഉപയോഗിക്കണമെന്നില്ല എന്ന തിരിച്ചറിവാണ് മൂല്യവർധിത ഉൽപന്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ പ്രേരിപ്പിച്ചത്.
ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന രീതിയിൽ ഓയിസ്റ്റർ കൂണും ശർക്കരയും റാഗിയും ചേർത്ത് ‘കൂൺ കുക്കീസ്’ അദ്ദേഹം നിർമ്മിച്ചെടുത്തു. തുടക്കത്തിൽ കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമാണ് ഇത് നൽകിയത്.
ഇതിന് മികച്ച പ്രതികരണം ലഭിച്ചതോടെ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചു. ഫലം അനുകൂലമായതോടെ സംരംഭം കൂടുതൽ ആത്മവിശ്വാസത്തിലേക്ക് എത്തി.
ആരോഗ്യകരമായ ആഹാരരീതികൾ പിന്തുടരുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഉൽപന്നമാണിത്. നാട്ടിലെ വിപണിക്ക് പുറമെ ബംഗളൂരു നഗരത്തിലേക്കും ഉൽപന്നങ്ങളുടെ വില്പന വ്യാപിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ബംഗളൂരുവിലെ ജൈവ വിള വിപണിയിലെ നേരിട്ടുള്ള വിൽപന വലിയ നേട്ടമായി മാറി. ഇടനിലക്കാരുടെ സഹായമില്ലാതെ ഉപഭോക്താക്കൾ നേരിട്ട് കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്ന രീതിയാണ് അവിടെയുള്ളത്.
2023-ൽ ചെറിയ മുറിയിലെ ഉൽപ്പാദനത്തിൽ നിന്ന് വിശാലമായ യൂണിറ്റിലേക്ക് സംരംഭം വളർന്നു. ആയിരത്തിലധികം കൂൺ ബാഗുകൾ ഒരേസമയം കൈകാര്യം ചെയ്യാനുള്ള സംവിധാനമാണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളത്.
നിലവിൽ പ്രതിദിനം 50 കിലോഗ്രാം ഓയിസ്റ്റർ, മിൽകി കൂണുകളാണ് ഇവിടെ നിന്നും വിളവെടുക്കുന്നത്. ഫ്രഷ് കൂൺ കിലോഗ്രാമിന് 400 രൂപ നിരക്കിലാണ് ഇപ്പോൾ വിറ്റഴിക്കുന്നത്.
കുക്കീസിന് പുറമേ കൂൺ അച്ചാർ, മുറുക്ക്, പൗഡർ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ നിർമ്മാണത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. 200 ഗ്രാം അച്ചാർ പായ്ക്കിന് 150 രൂപയും പൗഡറിന് 500 രൂപയുമാണ് വില.
ഉൽപന്നങ്ങൾ മൂല്യവർധിത രൂപത്തിലേക്ക് മാറ്റിയതോടെ കൃഷിയിൽ പാഴ്വസ്തുക്കൾ ഉണ്ടാകുന്നില്ലെന്നും, തുടക്കത്തിൽ സംഭവിച്ച വീഴ്ചകൾ തിരുത്തി മുന്നോട്ടുപോയതാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും മഹേഷ് കോളൂർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

