സംസ്ഥാനത്തെ വനിതാ യാത്രക്കാരുടെ രാത്രിയാത്ര കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമാക്കുക ലക്ഷ്യമിട്ട് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പിങ്ക് ബസ് സർവീസുകൾക്ക് ഇന്ന് മുതൽ തുടക്കമാകും. സർക്കാരിന്റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ വെച്ച് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നിർവഹിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ പ്രധാന ഐടി ഇടനാഴിയായ ടെക്നോപാർക്ക് റൂട്ടിലാണ് സർവീസുകൾ ആരംഭിക്കുന്നത്.
കിഴക്കേകോട്ടയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസ് തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (ആർസിസി), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി തുടങ്ങിയ പ്രധാന പ്രദേശങ്ങൾ വഴിയാണ് കടന്നുപോകുന്നത്. രാത്രി ഒൻപത് മണിക്ക് ശേഷം നഗരത്തിൽ എത്തിച്ചേരുന്ന വനിതാ യാത്രക്കാർ, ആശുപത്രി ജീവനക്കാർ, സിനിമ തിയേറ്ററുകളിൽ നിന്ന് മടങ്ങുന്നവർ, ട്രെയിൻ മാർഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും, കൂടാതെ രാത്രി പത്തിനും രാവിലെ അഞ്ചിനും ഇടയിലുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐടി ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ഈ സർവീസ് വലിയ തോതിൽ ആശ്വാസമാകും.
രാത്രികാല യാത്രാ സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് ‘പ്രതിധ്വനി’ സംഘടന നൽകിയ നിവേദനവും ഈ പദ്ധതിയുടെ രൂപീകരണവേളയിൽ ഗൗരവപൂർവ്വം പരിഗണിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്നുള്ള ഏറ്റവും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് പിങ്ക് സർവീസുകൾക്കായി നിലവിൽ സജ്ജീകരിച്ചിട്ടുള്ളത്.
രാത്രികാലങ്ങളിൽ പൊതുഗതാഗത സൗകര്യങ്ങളുടെ ലഭ്യതക്കുറവ് മൂലം ഉയർന്ന തുക നൽകി മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന വനിതകൾക്ക് ഇതൊരു സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ബദൽ മാർഗ്ഗമായി മാറും. സർവീസുകളുടെ കൃത്യമായ സമയക്രമവും യാത്രക്കാരുടെ സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഭാവിയിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തുന്നതും, ഇലക്ട്രിക് ബസുകളെ ഈ പദ്ധതിയുടെ ഭാഗമാക്കുന്നതും കെഎസ്ആർടിസിയുടെ സജീവ പരിഗണനയിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ വ്യക്തമാക്കി.
സ്ത്രീ സൗഹൃദ പൊതുഗതാഗത ശൃംഖല ശക്തിപ്പെടുത്തുന്നതിനായുള്ള കെഎസ്ആർടിസിയുടെ സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

