സംസ്ഥാനത്ത് തൃശൂരിനു തെക്കോട്ട് ഇന്ത്യ കോഫിബോർഡ് സഹകരണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസുകളിൽ പുതിയതായി 600 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. കഴിഞ്ഞ പത്ത് വർഷമായി മുൻ സർക്കാർ നൽകാതിരുന്ന നിയമനത്തിനുള്ള അനുമതിയാണ് ഇപ്പോൾ ലഭ്യമാകുന്നത്.
സൊസൈറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും നേരിൽ കണ്ട് അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കേരളത്തിൽ കണ്ണൂർ ആസ്ഥാനമായും തൃശൂർ ആസ്ഥാനമായും രണ്ട് കോഫിബോർഡ് സൊസൈറ്റികളാണ് നിലവിലുള്ളത്.
ഇതിൽ കണ്ണൂർ സൊസൈറ്റി സിഐടിയുവിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ എല്ലാ രാഷ്ട്രീയ വിഭാഗങ്ങളിൽപ്പെട്ടവരും അംഗങ്ങളായ തൃശൂർ സൊസൈറ്റി പിടിച്ചെടുക്കാൻ പലതവണ ശ്രമങ്ങൾ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഭരണസമിതി പിരിച്ചുവിട്ട് ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് എതിരായതിനെ തുടർന്ന് പഴയ ഭരണസമിതി തന്നെ അധികാരത്തിൽ തിരിച്ചെത്തി. ഇതിന്റെ ഭാഗമായുള്ള പ്രതികാര നടപടിയായാണ് മുൻ സർക്കാർ നിയമനാനുമതി വൈകിപ്പിച്ചത്.
നിയമനങ്ങൾ തടസ്സപ്പെട്ടതോടെ വിരമിക്കുന്ന ജീവനക്കാരുടെ ഒഴിവുകളിൽ പുതിയ നിയമനങ്ങൾ നടക്കാതെ വന്നു. ഇതേ തുടർന്ന് കോഫി ഹൗസുകൾ പലതും പൂട്ടേണ്ടി വന്നതിനാൽ തെക്കൻ ജില്ലകളിലെ ഇവയുടെ എണ്ണം 45 ആയി ചുരുങ്ങി.
ജീവനക്കാരുടെ എണ്ണം 2300 ൽ നിന്ന് 1251 ആയി കുറയുകയും ചെയ്തു. അതിഥിത്തൊഴിലാളികളെ ജോലിക്കെടുക്കാതെ, ദിവസക്കൂലിക്ക് പോലും മലയാളികളെ മാത്രം ആശ്രയിക്കുന്ന സ്ഥാപനങ്ങളാണ് ഇന്ത്യൻ കോഫി ഹൗസുകൾ.
ഓരോ ശാഖകളിലെയും ഒഴിവുകളുടെ കൃത്യമായ കണക്കുകൾ സഹിതമാണ് വ്യവസായ വകുപ്പിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ 350 പേരെ അടിയന്തരമായി നിയമിക്കേണ്ടതുണ്ട്.
കൊച്ചി വിമാനത്താവളം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിന്നും പുതിയ കോഫി ഹൗസുകൾ തുറക്കണമെന്ന ആവശ്യങ്ങൾ ഉയരുന്നുണ്ട്. ഈ പുതിയ കേന്ദ്രങ്ങളിൽ കൂടി ഏകദേശം 250 ഒഴിവുകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിൽ പൂട്ടിപ്പോയ കാന്റീൻ ഉടൻ തുറന്നു പ്രവർത്തിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

