തിരുവനന്തപുരം വെമ്പായത്തെ ബാറിലുണ്ടായ തര്‍ക്കത്തിനിടയില്‍ പെട്രോളൊഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതിക്ക് ദാരുണാന്ത്യം.
നന്നാട്ടുകാവ് സ്വദേശി അനീഷ് (32) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വെമ്പായം ബാറില്‍ മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കമാണ് ഒടുവില്‍ വലിയ ദുരന്തത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ അനീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെയാണ് മരണം സംഭവിച്ചത്. ഈ പൊള്ളലേറ്റുള്ള ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നവാസ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ബാറിലെത്തിയ അനീഷ് നാലംഗ സംഘവുമായി നടത്തിയ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തര്‍ക്കത്തിന് ശേഷം പുറത്തേക്ക് പോയ അനീഷ് അര മണിക്കൂറിന് ശേഷം പെട്രോളുമായി തിരികെ എത്തി ബാറിലുണ്ടായിരുന്നവരുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു.
സോഫയില്‍ ഇരുന്നവരുടെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് വിശദീകരിച്ചു. ദേഹത്ത് തീ പടര്‍ന്നതോടെ ഇവര്‍ ജീവനുംകൊണ്ട് ഓടുകയായിരുന്നു.
ഈ ആക്രമണത്തില്‍ ബാറും ഭാഗികമായി കത്തിനശിച്ചു. സംഭവത്തിനിടയില്‍ പ്രതിയായ അനീഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
ആക്രമണ സമയം ബാറില്‍ നിരവധി ഉപഭോക്താക്കള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ സമയബന്ധിതമായി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അനീഷ് (32), ഇരിഞ്ചയം സ്വദേശി അരുണ്‍ (36), വെമ്പായം സ്വദേശികളായ നൗഫല്‍, റിയാസ് നവാസ്, ശ്യാം ഉള്‍പ്പെടെയുള്ള ആറു പേര്‍ക്കാണ് സംഭവത്തില്‍ പൊള്ളലേറ്റത്.
വെമ്പായം ബാര്‍ തീവയ്പ്പുമായി ബന്ധപ്പെട്ട് ഫൊറൻസിക്, വിരലടയാള വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശോധനകളും തുടരുന്നുണ്ട്.

