ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങൾ മൂർച്ഛിക്കുകയും ഹോർമുസ് കടലിടുക്ക് സ്തംഭിക്കുകയും ചെയ്തതോടെ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കായി റഷ്യ, യുഎഇ, സൗദി അറേബ്യ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവർ പിന്തുണയുമായി എത്തി. എന്നാൽ പിന്നീട് റഷ്യ സാമ്പത്തിക പ്രതിസന്ധിയിലായ ഘട്ടത്തിൽ ഇന്ത്യ അവരെയും സഹായിക്കുന്ന കാഴ്ചയാണ് കണ്ടത്.
ഈ യുദ്ധസാഹചര്യത്തിനിടയിൽ ആഗോളതലത്തിൽ പുതിയൊരു നയതന്ത്ര സമവാക്യമാണ് രൂപംകൊണ്ടിരിക്കുന്നത്. തന്റെ ആവശ്യത്തിനുള്ള എണ്ണയുടെ (ക്രൂഡോയിൽ) 90 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ.
ഇതിൽ സിംഹഭാഗവും എത്തിയിരുന്നത് ഹോർമുസ് വഴിയായിരുന്നു. എന്നാൽ ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങളെ തുടർന്ന് ഈ പാത അടഞ്ഞതോടെ ഇന്ത്യ തന്റെ ഊർജ്ജ ആവശ്യങ്ങൾക്കായി റഷ്യയെ പ്രധാനമായും ആശ്രയിച്ചുതുടങ്ങി.
യുദ്ധം അതിന്റെ പാരമ്യത്തിലെത്തിയ ഏപ്രിൽ-ജൂൺ പാദത്തിൽ ഹോർമുസ് വഴിയുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ 27 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. പ്രതിദിനം ശരാശരി 15.5 ലക്ഷം ബാരലായാണ് ഇതോടെ ഇറക്കുമതി കുറഞ്ഞത്.
അതേസമയം, ഈ കാലയളവിൽ റഷ്യ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 8.3% വർധിച്ച് പ്രതിദിനം ശരാശരി 22.6 ലക്ഷം ബാരൽ ആയി ഉയർന്നു എന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ട്രംപിനെ ഗൗനിച്ചില്ല, റെക്കോർഡ് തൊട്ട് ഇന്ത്യ
ജൂൺ മാസത്തിൽ മാത്രം ശരാശരി 26.4 ലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിയത്.
ഇത് ചരിത്രത്തിലെ തന്നെ റെക്കോർഡ് നേട്ടമാണ്. മേയിലെ ഇറക്കുമതിയേക്കാൾ 37.4% അധികമാണിത്.
അതായത്, അമേരിക്കയുടെ ഉപരോധ സമ്മർദവും തീരുവ ഭീഷണിയും കാര്യമാക്കാതെ ജൂണിൽ ഇന്ത്യ വലിയതോതിൽ റഷ്യൻ എണ്ണ വാങ്ങിക്കൂട്ടിയെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ജൂണിൽ ആകെ 52.4 ലക്ഷം ബാരൽ എണ്ണയാണ് പ്രതിദിനം ഇന്ത്യ വാങ്ങിയത്.
ഇതിൽ പാതിയും എത്തിയത് റഷ്യയിൽ നിന്നാണ്. ബ്രസീലും അംഗോളയും ഒപ്പം
റഷ്യയ്ക്ക് പുറമേ യുഎഇ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ബ്രസീൽ, വെനസ്വേല, തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ അംഗോള എന്നിവിടങ്ങളിൽ നിന്നാണ് കഴിഞ്ഞ ത്രൈമാസത്തിൽ (ഏപ്രിൽ-ജൂൺ) ഇന്ത്യ ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്തത്.
ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 38 ശതമാനത്തിൽ നിന്ന് 41 ശതമാനമായി ഉയർന്നു. അതേസമയം, പശ്ചിമേഷ്യയുടെ വിഹിതം 41.4 ശതമാനത്തിൽ നിന്ന് 31 ശതമാനമായി കുറയുകയും ചെയ്തു.
ഇന്ത്യയെ കൈവിടാതെ സൗദി
ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടന്നെങ്കിലും ജൂണിൽ സൗദി അറേബ്യയിൽ നിന്ന് എണ്ണ വാങ്ങുവാൻ ഇന്ത്യയ്ക്ക് സാധിച്ചു. ചെങ്കടൽ തീരത്തെ യാംബു തുറമുഖം വഴിയാണ് സൗദിയിൽ നിന്ന് എണ്ണ ഇന്ത്യയിലെത്തിച്ചേർന്നത്.
എന്നാൽ നിലവിൽ ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തെ യെമനിലെ ഹൂതി വിമതർ തടസ്സപ്പെടുത്തുന്നത് ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്. ഇന്ത്യയിലേക്ക് എണ്ണയെത്തിച്ച ടോപ് 5 രാജ്യങ്ങൾ
ഇറാൻ-യുഎസ് യുദ്ധം ആരംഭിച്ചതു മുതൽ മാർച്ച് മുതൽ ജൂൺ 30 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, റഷ്യയിൽ നിന്ന് ആകെ 24.5 കോടി ബാരൽ എണ്ണയാണ് ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളത്.
5.85 കോടി ബാരലുമായി യുഎഇയാണ് പട്ടികയിൽ രണ്ടാമതുള്ളത്. 5.76 കോടി ബാരൽ ലഭ്യമാക്കിയ സൗദി അറേബ്യ മൂന്നാം സ്ഥാനത്തുണ്ട്.
ബ്രസീൽ (2.66 കോടി ബാരൽ), വെനസ്വേല (2.55 കോടി ബാരൽ) എന്നിവയാണ് ഈ പട്ടികയിലെ മറ്റ് പ്രധാന രാജ്യങ്ങൾ. റഷ്യയെ ‘രക്ഷിച്ച്’ ഇന്ത്യ
അമേരിക്കയുടെ ഉപരോധങ്ങളും താരിഫ് ഭീഷണികളും കരിങ്കടലിൽ യുക്രെയ്ന്റെ ഭാഗത്തുനിന്നുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യൻ കമ്പനികൾ വലിയതോതിൽ എണ്ണ വാങ്ങി കഴിഞ്ഞമാസം റഷ്യൻ എണ്ണക്കമ്പനികളുടെ രക്ഷയ്ക്കെത്തിയെന്ന പ്രത്യേകതയുമുണ്ട്.
റഷ്യയുടെ മിക്ക എണ്ണക്കമ്പനികൾക്കും അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധങ്ങൾ നിലവിലുണ്ട്. എങ്കിലും അത് ഇന്ത്യൻ ഇറക്കുമതിക്ക് യാതൊരുവിധ തടസ്സമായില്ലെന്നാണ് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

