നെയ്യാറ്റിൻകര ജനറൽ ആശുപത്രി വളപ്പിൽ പൊതിച്ചോർ വിതരണം വിലക്കുന്ന നടപടി ഇപ്പോൾ സിപിഎം വിമർശിക്കുമ്പോൾ, യഥാർത്ഥത്തിൽ കഴിഞ്ഞ ആറുവർഷമായി ഇവിടെ പൊതിച്ചോർ വിതരണത്തിന് സിപിഎമ്മിന്റെ വിലക്ക് നിലനിൽക്കുന്നുണ്ടെന്ന് പരാതി. യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ടും പൊതിച്ചോർ വിതരണം ആശുപത്രിക്കു പുറത്തുതന്നെ തുടരുകയാണ്.
കോൺഗ്രസിന്റെ വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് കാലത്താണ് ആശുപത്രിയിൽ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.മുരളീധരനും ഉൾപ്പെടെ ഒട്ടേറെ മുതിർന്ന നേതാക്കൾ പൊതിച്ചോർ വിതരണത്തിന് എത്തിയിരുന്നു.
എന്നാൽ എല്ലാവരും ആശുപത്രിക്കു പുറത്ത്, റോഡുവക്കിൽ നിന്നാണു പൊതിച്ചോർ നൽകിയത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള പൊതിച്ചോർ ആശുപത്രി വളപ്പിൽ വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും ശക്തമായ എതിർപ്പുണ്ടായെന്ന് വിചാർവിഭാഗ് ജില്ലാ ചെയർമാൻ കെ.വിനോദ് സെൻ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള ആശുപത്രി ആയതിനാൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിനെ നേരിൽ കണ്ടിരുന്നു. ഗതാഗതത്തിരക്ക് ഉള്ളതിനാൽ റോഡുവക്ക് സുരക്ഷിതമല്ലെന്നും ആശുപത്രിക്കുള്ളിൽ പൊതിച്ചോർ വിതരണം ചെയ്യാൻ അനുവദിക്കണമെന്നും അഭ്യർഥിച്ചെങ്കിലും അനുമതി നൽകില്ലെന്നായിരുന്നു മറുപടി.
കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇടപെട്ടിട്ടും ഭരണപക്ഷത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയും ഉണ്ടായില്ല. തുടർന്ന് അന്നത്തെ നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലനെ സമീപിച്ചെങ്കിലും, ആശുപത്രി വളപ്പിൽ പൊതിച്ചോർ വിതരണം ചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിന്റെയും നിലപാടെന്ന് കെ.വിനോദ് സെൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

