ഇറാന്റെ രഹസ്യ ആണവ ശേഖരം സ്ഥിതി ചെയ്യുന്ന സാഗ്രോസ് പർവ്വതനിരകൾക്ക് നേരെ സൈനിക നീക്കം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ നടാൻസ് ആണവ നിലയത്തിന് സമീപമുള്ള ‘പിക്ക്ആക്സ് മൗണ്ടൻ’ മലനിരകളിലെ തുരങ്കങ്ങളിലേക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് ആവശ്യമായ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ മാറ്റിസ്ഥാപിച്ചതായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് യു.എസിന്റെ നിർണ്ണായക പ്രസ്താവന. ഇറാന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തിനും പത്തിരട്ടി ശക്തിയോടെ തിരിച്ചടി നൽകുമെന്ന് യു.എസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സേഥ് വ്യക്തമാക്കി.
പ്രമുഖ മാധ്യമമായ വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, കഴിഞ്ഞ വർഷം ജൂണിൽ നടന്ന 12 ദിവസത്തെ സംഘർഷങ്ങൾക്ക് ശേഷമാണ് ഇറാൻ ഈ മാറ്റങ്ങൾ നടത്തിയത്.
അന്ന് അമേരിക്കൻ, ഇസ്രായേൽ സംയുക്ത സേന നടത്തിയ ആക്രമണത്തിൽ നടാൻസ്, ഫോർഡോ ഉൾപ്പെടെയുള്ള ഇറാന്റെ പ്രധാന ആണവനിലയങ്ങൾ തകർന്നിരുന്നുവെങ്കിലും ‘പിക്ക്ആക്സ്’ കേന്ദ്രത്തിന് കേടുപാടുകൾ ഒന്നും സംഭവിച്ചിരുന്നില്ല. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ഫെബ്രുവരി 28-ന് ആരംഭിച്ച ശക്തമായ വ്യോമാക്രമണ പരമ്പരയിലും ഈ ഭൂഗർഭ കേന്ദ്രം സുരക്ഷിതമായി തുടരുകയാണ്.
ഏകദേശം 300 അടിയിലധികം ആഴത്തിൽ, അതീവ സുരക്ഷിതമായ ഗ്രാനൈറ്റ് പാറകൾക്ക് അടിയിലാണ് ഈ ആണവ കേന്ദ്രം പണികഴിപ്പിച്ചിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്.
ബഹ്റൈനിലെ ആമസോൺ ഡാറ്റാ ഹബ്ബ് തങ്ങൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇതിനുപുറമെ, ഹോർമൂസ് കടലിടുക്കിൽ യു.എഇ തീരത്തിന് സമീപം ഒരു കപ്പലിന് നേരെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
സൗദി അറേബ്യക്ക് മേൽ ഹൂത്തികളുടെ നാവിക ഉപരോധം കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ നിലവിലെ സാഹചര്യം അതീവ സങ്കീർണ്ണമായ വഴിയിലാണ് നീങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

