സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ജിസിസി (ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ) കേന്ദ്രമാക്കി മാറ്റുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ.
കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തിരുവനന്തപുരം ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ സംഘടിപ്പിച്ച ‘കേരള ജിസിസി ഔട്ട്ലുക്ക് 2026’ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിന്റെ ഭാഗമായി ‘കേരള ജിസിസി ഫീസിബിലിറ്റി റിപ്പോർട്ട്’ മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാനത്തിന്റെ പരിമിതികൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനും മികച്ച പ്രൊഫഷണലുകളുടെ കരുത്ത് പരമാവധി പ്രയോജനപ്പെടുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സാങ്കേതികവിദ്യ ഇന്നത്തെയത്ര വികസിച്ചിട്ടില്ലാത്ത കാലഘട്ടത്തിൽപ്പോലും ഐടി വ്യവസായത്തിലും പ്രൊഫഷണലുകൾക്കിടയിലും കേരളത്തെ ലോക ഭൂപടത്തിൽ മുൻനിരയിലെത്തിക്കാൻ സാധിച്ചിട്ടുണ്ട്. പുതിയ ഐടി നയത്തിൽ കേരളത്തെ ഒന്നാം നമ്പർ ജിസിസി ഹബ്ബാക്കി മാറ്റുമെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഉയർന്ന സാക്ഷരത, മികച്ച വിദ്യാഭ്യാസ സമ്പ്രദായം, പ്രൊഫഷണലുകളുടെ സാന്നിധ്യം എന്നിവ സംസ്ഥാനത്തിന്റെ വലിയ കരുത്താണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിന്റെ ഭാഗമായി ഇൻഫോപാർക്ക് കേരളയും പ്രമുഖ ജിസിസി കൺസൾട്ടൻസി സ്ഥാപനമായ എഎൻഎസ്ആറും തമ്മിലുള്ള ധാരണാപത്രം കൈമാറി. കേരളത്തിന്റെ ജിസിസി സാധ്യതകളെയും ഭാവി പദ്ധതികളെയും കുറിച്ചുള്ള റിപ്പോർട്ട് എഎൻഎസ്ആർ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശ്രീനിവാസൻ സർവ്വഭൗമൻ അവതരിപ്പിച്ചു.
വി. മുരളീധരൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇലക്ട്രോണിക്സ് & ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീറാം സംബശിവ റാവു സ്വാഗതം ആശംസിച്ചു.
കൗൺസിലർ സുനിൽ എസ്. എസ്, ജിടെക് സെക്രട്ടറി റോണി സെബാസ്റ്റ്യൻ, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ‘കേരള ജിസിസി ഓപ്പർച്യൂണിറ്റി: ഫ്രം സ്ട്രാറ്റജിക് അസസ്മെന്റ് ടു ആക്സിലറേറ്റഡ് ഗ്രോത്ത്’ എന്ന വിഷയത്തിൽ വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചയും മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ലീഡർഷിപ്പ് റൗണ്ട് ടേബിൾ യോഗവും നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

