സാമൂഹിക മാധ്യമങ്ങളും ഓൺലൈൻ ആപ്പുകളും കർശന പരിശോധനയ്ക്ക് വിധേയമാക്കി നിരോധനം ഏർപ്പെടുത്തുകയോ നിയമനടപടി സ്വീകരിക്കുകയോ വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അംഗം പി.കുഞ്ഞായിഷ ആവശ്യപ്പെട്ടു. കൽപറ്റ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ് യുവതലമുറ പലപ്പോഴും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ അപകടങ്ങളിൽ പെട്ട് ജീവിതം നശിപ്പിക്കുന്നതെന്ന് അവർ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിൽ സൈബർ സെൽ, ഐടി ആക്ട് എന്നിവയെക്കുറിച്ച് പൊതുസമൂഹത്തിൽ ശക്തമായ ബോധവൽക്കരണം നടത്തേണ്ടതുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വിഡിയോകളും ദുരുപയോഗപ്പെടുത്തി കുട്ടികളെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്ന ഓൺലൈൻ ആപ്പുകൾ ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. മോർഫിങ്, സൈബർ സ്റ്റോക്കിങ് ഉൾപ്പെടെയുള്ള വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് സ്ത്രീകളെ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും തെറ്റായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമുള്ള പ്രവണത വർദ്ധിച്ചുവരികയാണെന്നും കമ്മിഷൻ അംഗം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും നിയമങ്ങളും കർശനമായി നടപ്പിലാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കലക്ടറേറ്റിൽ നടന്ന അദാലത്തിൽ ആകെ 32 പരാതികളാണ് പരിഗണനയ്ക്ക് എടുത്തത്.
ഇതിൽ 10 പരാതികൾ തീർപ്പാക്കുകയും, രണ്ട് കേസുകളിൽ പൊലീസിനോട് റിപ്പോർട്ട് തേടുകയും ചെയ്തു. കൂടാതെ 20 കേസുകൾ അടുത്ത അദാലത്തിൽ വാദം കേൾക്കാനായി മാറ്റിവെച്ചപ്പോൾ, പുതിയതായി 7 പരാതികൾ കൂടി അദാലത്തിൽ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

