സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിനായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കാലാവധി നാളെ അവസാനിക്കുന്നു. പൊലീസ് ഫണ്ട് ഉപയോഗിച്ചാണ് അന്നത്തെ സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്.
തുടക്കത്തിൽ പവൻ ഹാൻസും പിന്നീട് ചിപ്സൺ ഏവിയേഷനുമായിരുന്നു കരാറുകാർ. പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് നൽകേണ്ടത്.
ഇതിനുപുറമെ, അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നൽകണമെന്നാണ് വ്യവസ്ഥ. മൂന്നു വർഷത്തെ കരാർ കാലാവധിയാണ് നാളെയോടെ അവസാനിക്കുന്നത്.
നിലവിലെ കരാർ നീട്ടണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ. മൂന്നു മാസം മുൻപ് തന്നെ പൊലീസ് ഇതുസംബന്ധിച്ച ശുപാർശ സമർപ്പിച്ചിരുന്നെങ്കിലും സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനവകുപ്പാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത്. ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
ഇടത് സർക്കാർ ഉണ്ടാക്കിയ ഈ കരാറിനെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ കടുത്ത ധൂർത്തെന്ന് വിശേഷിപ്പിച്ചിരുന്നു.
അതിനാൽ കരാർ പുതുക്കുമോ അതോ റദ്ദാക്കുമോ എന്ന കാര്യത്തിൽ വലിയ ഉറ്റുനോക്കലുകളാണ് ഉള്ളത്. പ്രതിപക്ഷത്തായിരുന്നപ്പോൾ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിനെ വിമർശിച്ചവർ പിന്നീട് അധികാരത്തിലെത്തിയപ്പോൾ അത് ഉപയോഗിച്ചതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഒരു പുതിയ ടെൻഡർ വിളിക്കുകയാണെങ്കിൽ സർക്കാരിന് ചെലവ് ഇനിയും വർധിക്കാനാണ് സാധ്യത. അടിയന്തര ആവശ്യങ്ങൾക്ക് മാത്രം ഹെലികോപ്റ്റർ വാടകയ്ക്ക എടുത്താൽ മതിയെന്ന അഭിപ്രായങ്ങളും ഇതിനിടയിൽ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

