കോഴിക്കോട് പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ തള്ളി സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി രംഗത്തെത്തി. ലഹരി മാഫിയയെക്കുറിച്ച് പൊലീസിന് വിവരം നൽകിയതാണ് കൊലപാതകത്തിന് കാരണമെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘കൊല്ലപ്പെട്ട ബിജു ഓപ്പറേഷൻ തൂഫാനു വിവരം നൽകിയിട്ടില്ല.
അന്വേഷണത്തിനു പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. ടൗൺ എസിപിക്കാണു ചുമതല.
അന്വേഷണ സംഘത്തിനു ലഭിച്ച സൂചനകളൊന്നും ലഹരിമാഫിയയുമായി ബന്ധമുള്ളതല്ല.’ സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. നിലവിൽ പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണമാണ് മരണകാരണമെന്നും, ഒരാൾ പിന്നിൽ നിന്ന് ബലമായി പിടിച്ചുവച്ചതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് നഗരമധ്യത്തിലെ പാളയം പച്ചക്കറി മാർക്കറ്റിന് സമീപമുള്ള ഒറ്റമുറി വീട്ടിൽ ബിജുവിനെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്.
പശുവിനെ കറക്കാൻ വിളിക്കാനെത്തിയ അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടേറ്റ പാടുകൾ കണ്ടെത്തുകയായിരുന്നു.
എന്നാൽ പ്രദേശത്തെ ലഹരി സംഘങ്ങളെ ബിജു ചോദ്യം ചെയ്തിരുന്നതായും അതിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നും ആരോപിച്ച് കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

