ഫിഫ ലോകകപ്പിന് ശേഷം നടന്ന വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന അർജന്റീനൻ താരങ്ങളായ ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, എൻസോ ഫെർണാണ്ടസ് എന്നിവരുടെ യുകെ വിസ റദ്ദാക്കപ്പെട്ടേക്കാമെന്ന സൂചനകൾ പുറത്തുവരുന്നു. കളിക്കളത്തിൽ രാഷ്ട്രീയപരമായ പ്രകടനങ്ങൾ നടത്തിയതിനെതിരെ ബ്രിട്ടീഷ് രാഷ്ട്രീയ നേതൃത്വത്തിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
വിഷയം അതീവ ഗൗരവത്തോടെ കാണുന്ന ഫിഫ, സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ, ‘ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്’ എന്ന് രേഖപ്പെടുത്തിയ ബാനർ ഉയർത്തിപ്പിടിച്ച് താരങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് വിവാദങ്ങൾക്ക് തിരിതെളിച്ചത്.
‘ഫോക്ക്ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്’ എന്ന അർത്ഥം വരുന്ന ഈ പ്രകടനം യുകെയിൽ വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. സ്പോർട്സിനെ രാഷ്ട്രീയവുമായി ബന്ധിപ്പിച്ച അർജന്റീനയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടുകഴിഞ്ഞു.
വിഷയത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഫിഫ ഇതുവരെ ഔദ്യോഗിക നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ഫിഫയുടെ നിലപാടിന് പുറമെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങളുടെ കാര്യത്തിൽ യുകെ സർക്കാർ കർശന നിലപാട് സ്വീകരിച്ചേക്കും.
താരങ്ങളുടെ വർക്ക് വിസ റദ്ദാക്കപ്പെട്ടാൽ, 2026-27 സീസണിൽ അതത് ക്ലബ്ബുകൾക്കൊപ്പം ചേരാൻ ഇവർക്ക് സാധിക്കില്ല. 1982-ൽ ദക്ഷിണ അറ്റ്ലാന്റിക് ദ്വീപുകൾ തിരിച്ചുപിടിക്കാനുള്ള സൈനിക നീക്കത്തിന് നേതൃത്വം നൽകിയ മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ മുൻ സഹായി നൈൽ ഗാർഡിനർ ഈ വിഷയത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
‘ഈ മോശമായ ബ്രിട്ടീഷ് വിരുദ്ധ പ്രകടനത്തിൽ പങ്കെടുത്ത ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എല്ലാ അർജന്റീനിയൻ കളിക്കാരെയും അവരുടെ യുകെ വർക്ക് വിസയിൽ നിന്ന് ഒഴിവാക്കണം. ഇതിനോട് ഒട്ടും സഹിഷ്ണുത കാണിക്കാൻ പാടില്ല.’– എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.
വിഷയത്തിൽ താരങ്ങൾ മാപ്പ് പറയണമെന്ന ആവശ്യവും ശക്തമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലിസാൻഡ്രോ മാർട്ടിനെസ്, ചെൽസിയുടെ എൻസോ ഫെർണാണ്ടസ്, ടോട്ടനം താരം ക്രിസ്റ്റ്യൻ റൊമേറോ എന്നിവരാണ് നിലവിൽ പ്രീമിയർ ലീഗിലുള്ള അർജന്റീനൻ താരങ്ങൾ.
അതേസമയം, ലോകകപ്പിനിടെ ബാനർ പ്രദർശിപ്പിച്ചെന്ന കാരണത്താൽ മാത്രം വിസ റദ്ദാക്കുന്നത് നിയമപരമായി സങ്കീർണ്ണമാണെന്ന് യുകെയിലെ ഇമിഗ്രേഷൻ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

