ഫിഫ ലോകകപ്പ് വേദികളിലെ വിവാദമായ ആഘോഷപ്രകടനങ്ങള്‍ക്ക് പിന്നാലെ, പ്രീമിയര്‍ ലീഗ് താരങ്ങളുടെ ഇംഗ്ലണ്ടിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ക്ക് നിയമവിദഗ്ധര്‍ മറുപടി നല്കുന്നു. അറ്റ്ലാന്റയില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അര്‍ജന്റീന 2-1ന് വിജയിച്ചതിന് ശേഷമുണ്ടായ സംഭവങ്ങളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
മത്സരശേഷം കളിക്കളത്തില്‍ ‘ഫോക്ലാന്ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്’ എന്ന് രേഖപ്പെടുത്തിയ ബാനറുമായി അര്‍ജന്റീനന്‍ താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫെന്‍ഡര്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ചെല്‍സി മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ്, ടോട്ടന്‍ഹാം ഹോട്ട്സ്പര്‍ ഡിഫെന്‍ഡര്‍ ക്രിസ്റ്റ്യാന്‍ റൊമേറോ, മുന്‍ ടോട്ടന്‍ഹാം താരം ജിയോവാനി ലോ സെല്‍സോ എന്നിവരാണ് ഈ ബാനറുമായി രംഗത്തെത്തിയത്.
1982-ലെ ദക്ഷിണ അറ്റ്ലാന്റിക് യുദ്ധത്തെ സൂചിപ്പിക്കുന്ന ഈ മുദ്രാവാക്യം, 907 പേരുടെ (649 അര്‍ജന്റീനന്‍ സൈനികരും 255 ബ്രിട്ടീഷ് സൈനികരും) ജീവന് കവര്‍ന്ന സംഘര്‍ഷത്തെ ഓര്‍മ്മിപ്പിക്കുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളില്‍ നിന്നും കമന്റേറ്റര്‍മാരില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയുണ്ടായി.
താരങ്ങളുടെ സാന്നിധ്യം യുകെയിലെ പൊതുജനക്ഷേമത്തിന് തടസ്സമാകുമോ എന്ന് പരിശോധിക്കാന്‍ ഹോം ഓഫീസ് ഇടപെടണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍, താരങ്ങളുടെ വര്‍ക്ക് വിസ റദ്ദാക്കപ്പെടുമെന്ന സാധ്യതകളെ യുകെയിലെ ഇമിഗ്രേഷന്‍ വിദഗ്ധയായ അസ്മ ബഷീര്‍ തള്ളിക്കളഞ്ഞു.
കുറ്റകൃത്യങ്ങളൊന്നുമില്ലാതെ തന്നെ പൊതുനന്മ മുന്‍നിര്‍ത്തി കുടിയേറ്റ അനുമതികള്‍ റദ്ദാക്കാന്‍ ഹോം ഓഫീസിന് അധികാരമുണ്ടെങ്കിലും, സാധാരണയായി തീവ്രവാദം, ദേശീയ സുരക്ഷാ ഭീഷണി, അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ വിഷയങ്ങളിലാണ് ഈ നിയമം പ്രയോഗിക്കാറുള്ളതെന്ന് അവര്‍ വ്യക്തമാക്കി. ഇത്തരം സാഹചര്യത്തില്‍ ബാനര്‍ ഉയര്‍ത്തിയതിന്റെ പേരില്‍ മാത്രം വിസ റദ്ദാക്കുന്നത് അസംഭവ്യമാണെന്ന് അസ്മ ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
‘ഈ പരാമര്‍ശം രാഷ്ട്രീയമായി സെന്‍സിറ്റീവ് ആണെങ്കിലും, അത് അര്‍ജന്റീനയുടെ ഔദ്യോഗിക നിലപാടാണ് വ്യക്തമാക്കുന്നത്. അത് അക്രമത്തെയോ കുറ്റകൃത്യത്തെയോ വെറുപ്പിനെയോ പ്രോത്സാഹിപ്പിക്കുന്നില്ല.’ എന്ന് വ്യക്തമാക്കിയ അവര്‍, ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഉപയോഗിച്ച് അന്യദേശക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

